
കാട്ടാക്കട: പൂവച്ചലിൽ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുമായി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൂവച്ചൽ ആലമുക്ക് പാറപ്പൊറ്റ പുണ്ണാംകോണം തോട്ടരികത്ത് വീട്ടിൽ പരേതയായ ബുഷറ-മുഹമ്മദ് അലി ദമ്പതികളുടെ മകൻ മുഹമ്മദ് തൗഫീഖിനെയാണ് (23) കഴിഞ്ഞ ദിവസം വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവാവിനെ മർദ്ദിച്ച സഹോദരങ്ങൾക്കെതിരെയാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്. അതേസമയം സ്വാഭാവിക തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തിയാലേ ആരാണ് മർദ്ദിച്ചതെന്ന് വ്യക്തമാകൂവെന്നും മർദ്ദനത്തിലുണ്ടായ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു. യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി യുവാവിന്റെ പിതാവിനെയും മുഹമ്മദ് ആഷിക്ക്,മുഹമ്മദ് ഷാഫി എന്നീ സഹോദരങ്ങളെയും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം ഇവരെ വിട്ടയച്ചു. വീട്ടിൽ അടിപിടി നടന്നിരുന്നതായി കാട്ടാക്കട പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.