
കൊല്ലം: എച്ച്.എസ് വഞ്ചിപ്പാട്ട് വേദി. മത്സരം തുടങ്ങാൻ കൃത്യം അരമണിക്കൂർ. ഗ്രീൻ റൂമിൽ അവസാനവട്ട തയ്യാറെടുപ്പിലാണ് തൃശൂർ കുന്നംകുളം ഗവ. സ്കൂളിലെ വിദ്യാർത്ഥികൾ. നളചരിതം വഞ്ചിപ്പാട്ടിന്റെ വരികൾ ആവേശത്തോടെ ചൊല്ലുകയാണ്.
അപ്രതീക്ഷിതമായി മുറിയിലെ വാതിലിന് മുകളിൽ വച്ചിരുന്ന പലക വിദ്യാർത്ഥിനി സലിഹയുടെ തലയിൽ വീണു. ചോരവാർന്നതോടെ കുട്ടികൾക്ക് ആശങ്ക. വേദിയിലെ ഹെൽത്ത് വിഭാഗം മുറിഞ്ഞ ഭാഗത്ത് മരുന്നുവച്ചെങ്കിലും വഞ്ചിപ്പാട്ടിന്റെ താളം മുറിയുമോയെന്നായിരുന്നു പിന്നീട് ആശങ്ക.
വേദിയിൽ കയറിയപ്പോൾ എക്കോ കാരണം മൈക്ക് മാറ്റി. പുതിയ മൈക്കിന് ശബ്ദം കുറവായതിനാൽ തൊണ്ടപൊട്ടുമാറുച്ചത്തിൽ പാടേണ്ടിവന്നു. പാടിത്തീർന്നതോടെ സംഘനേതാവ് റിയ തലകറങ്ങി വീണു. ഫലമറിയാൻ ടെൻഷനടിച്ചിരിക്കുമ്പോൾ കുട്ടികളുടെ കാതുകളിലേക്ക് എ ഗ്രേഡ് വാർത്ത എത്തിയതോടെ പിള്ളേർ ഉഷാറായി.