
തിരുവനന്തപുരം:വി.ഐ.പി ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വെള്ളയാഴ്ച പരേഡ് നിർബന്ധമാക്കി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാർ സർക്കുലർ ഇറക്കി. ഇവർക്ക് വി.ഐ.പി സുരക്ഷയിലും അട്ടിമറി തടയാനുള്ള പരിശോധനയിലും ക്ലാസ് നൽകണം.രണ്ട് മണിക്കൂർ ആയുധ പരിശീലനവും നടത്തണം.
വി.ഐ.പി ഡ്യൂട്ടിയിലുള്ളവർക്ക് വെള്ളിയാഴ്ച പരേഡ് നിർബന്ധമായിരുന്നില്ല.എന്നാൽ ഡ്യൂട്ടികളിൽ പൊലീസുകാർ വീഴ്ച വരുത്തുന്ന സാഹചര്യത്തിലാണ് പുതിയ സർക്കുലർ ഇറക്കിയത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വി.ഐ.പി ഡ്യൂട്ടിക്കു നിയോഗിച്ച റാപിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യൂ ഫോഴ്സ് (ആർ.ആർ.ആർ.എഫ്) ബറ്റാലിയനിലെ പൊലീസുകാർ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയത് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു.
മന്ത്രിമന്ദിരങ്ങളിലെ ഡ്യൂട്ടി സ്ഥിരമാക്കരുത്
വി.ഐ.പി സെക്യൂരിറ്റി ഗാർഡ് ഉൾപ്പെടെയുള്ള ഗാർഡ് ഡ്യൂട്ടികളിൽ ഒരു മാസത്തിൽ കൂടുതൽ പൊലീസുകാരെ തുടർച്ചയായി നിയോഗിക്കരുതെന്നും നിർദ്ദേശം നൽകി.
ഡ്യൂട്ടിയിൽ റൊട്ടേഷൻ വേണം. മന്ത്രി മന്ദിരങ്ങളിൽ ഗാർഡ് ഡ്യൂട്ടിയിലുള്ള സേനാംഗങ്ങളെ സെക്രട്ടേറിയറ്റ്, നിയമസഭ, രാജ്ഭവൻ, ഹൈക്കോടതി എന്നിവിടങ്ങളിലേക്ക് ഓരോ മാസവും മാറ്റണം.ഇത് മേലുദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിച്ച് വിലയിരുത്തണം.
വി.ഐ.പി ചുമതലയ്ക്ക് പ്രത്യേക സംവിധാനം
തലസ്ഥാനത്ത് വി.വി.ഐ.പി, വി.ഐ.പി സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം വരുന്നു.ഇതിനായി ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ തലവനാക്കി പ്രത്യേകം വിഭാഗം രൂപീകരിക്കാനും ആലോചന. സംസ്ഥാന പൊലീസ് മേധാവി സിറ്റി പൊലീസ് കമ്മിഷണറോട് വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ്അന്വേഷണവും മറ്റ് തിരക്കും കാരണം കാര്യക്ഷമമായി വി.ഐ.പി ഡ്യൂട്ടികളുടെ ചുമതല വഹിക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്കോ ഡി.സി.പിയ്ക്കോ കഴിയാതെ വരുമെന്ന വിലയിരുത്തലിലാണ് പുതിയ സംവിധാനം ആലോചിക്കുന്നത്.