parassala-gov-ayurveda-ho

പാറശാല: ജില്ലാപഞ്ചായത്തിന് കീഴിൽ ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ആയുർവേദ കോളേജിലെ ബാലചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പാറശാല ഗവ.ആയുവേദ ആശുപത്രിയിൽ ആരംഭിച്ച വിപുലീകരിച്ച സ്നേഹധാര പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ നിർവഹിച്ചു.

പാറശാല ജയമഹേശ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. പദ്ധതി ചികിത്സാ വിവരണം കോ-ഓർഡിനേറ്റർ ഡോ.രോഷ്നി അനിരുദ്ധൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിതകുമാരി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്.വീണ, എ.ടി. അനിതാറാണി, മെമ്പർ എം.സുനിൽ, ആശുപത്രി സി.എം.ഒ ഡോ.സീബ, പി.എം.ഒ ഡോ.രേഷ്മ ആർ. ജി തുടങ്ങിയവർ സംസാരിച്ചു.

പദ്ധതിയിലൂടെ 12 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് സൗജന്യമായി ആയുർവേദ ചികിത്സകളും മരുന്നുകളും സ്പീച്ച്-ഫിസിയോ തെറാപ്പികൾ ഉൾപ്പെടെയുള്ള ശാസ്ത്രീയമായ ചികിത്സകളും ഇവിടെ നിന്ന് ലഭിക്കും.