തിരുവനന്തപുരം: നവകേരളമല്ല മഹിമയുടെയും നന്മയുടെയും കേരളമാണ് നമുക്ക് വേണ്ടതെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. പന്ത്രണ്ടാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയാൻ കേരളത്തിന് അധികാരമില്ലാതായിരിക്കുന്നു. നവകേരളം പടുത്തുയർത്തുന്നവർ എന്ത് പരിശ്രമമാണ് ചെയ്യുന്നതെന്ന് യഥാസമയം തിരിച്ചറിയണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി സമ്മേളനത്തിന് ഭദ്രദീപം തെളിച്ചു. അനന്തപുരി ഹിന്ദുധർമ്മ പരിഷത്ത് ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർ അദ്ധ്യക്ഷനായ ചടങ്ങിൽ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. സ്വാമി അഭയാനന്ദ,തിരുമല ആനന്ദാശ്രമത്തിലെ സ്വാമി സുകുമാരാനന്ദ,ചെങ്കൽ ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ,കാലടി ബോധാനന്ദ ആശ്രമം ആചാര്യൻ സ്വാമി ഹരിഹരാനന്ദ,മോഹൻദാസ് കോളേജ് ഡയറക്ടർ റാണി മോഹൻദാസ്,കൗൺസിലർ പി.അശോക്‌ കുമാർ തുടങ്ങിയവർ സംസാരിച്ചു.

മെഗാ തിരുവാതിര ചലച്ചിത്ര സംവിധായകൻ സുജിത്ത് സുന്ദർ ഉദ്ഘാടനം ചെയ്‌തു. ആചാര്യ സദസും ചെന്നൈ ഡോ.സൂര്യ അജയ് റാവു അവതരിപ്പിച്ച ശാസ്ത്രീയ സംഗീതവുമുണ്ടായിരുന്നു. ഹിന്ദു മഹാസമ്മേളനം വെള്ളിയാഴ്ച സമാപിക്കും.