കൊല്ലം: അറുപത്തി രണ്ടാമത് സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. വൈകിട്ട് അഞ്ചിന് ആശ്രാമം മൈതാനത്തിലെ പ്രധാനവേദിയിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മെഗാസ്റ്റാർ മമ്മൂട്ടിയിൽ നിന്നും ജേതാക്കൾ സ്വർണ്ണക്കപ്പ് സ്വീകരിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായിരിക്കും.

വിവിധ വിഭാഗങ്ങളിലുള്ള 30 ട്രോഫികൾ വേദിയിൽ സമ്മാനിക്കും. സമ്മാനം വാങ്ങാൻ 20 കുട്ടികൾക്ക് മാത്രം പ്രധാന വേദിയിൽ പ്രവേശിക്കാം.
ആഹ്ലാദം പങ്കിടാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യം സ്റ്റേജിന് താഴെ ഒരുക്കുമെന്ന് മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, ജെ.ചിഞ്ചുറാണി, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, എം.നൗഷാദ് എം.എൽ.എ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

സമാപന ചടങ്ങിൽ മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ.അനിൽ എന്നിവരും സംബന്ധിക്കും. വിജയിച്ചവർക്കുള്ള ട്രോഫി ട്രോഫി കമ്മിറ്റി ഓഫീസ് വഴി വിതരണം ചെയ്യുന്നുണ്ട്. വിജയികൾക്കുള്ള സാമ്പത്തിക പ്രോത്സാഹനവും സർട്ടിഫിക്കറ്റും താമസിയാതെ നൽകുമെന്നും മന്ത്രിമാ‌ർ പറഞ്ഞു.

കലോത്സവം ഇതുവരെ

ഏറ്റവും കുടുതൽ അപ്പീലുകൾ 570 (കഴിഞ്ഞ തവണ 359)

പങ്കെടുത്ത വിദ്യാർത്ഥികൾ 12707

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ കോഴിക്കോട് ജില്ല 1001

കുറവ് ഇടുക്കി 721