
ശംഖുംമുഖം: വിമാനത്താവളത്തിന് സമീപത്തെ ആകാശത്ത് വിമാനം പല തവണ വട്ടമിട്ട് കറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കി. ഇന്നലെ രാവിലെ എട്ടോടെയാണ് എയർ ഇന്ത്യ വിമാനം പല തവണ വട്ടമിട്ട് പറന്നത്.
സ്വഭാവികമായി ലാൻഡിംഗിനെത്തുന്ന വിമാനത്തിന് റൺവേയിൽ ലാൻഡിംഗ് നടത്താൻ കഴിയാത്ത സാഹചര്യം വന്നാൽ രണ്ടുതവണ ദൂരത്തേക്ക് പറന്ന് വിമാനത്തിലെ ഇന്ധനം കടലിൽ ഒഴുക്കിക്കളഞ്ഞ് അടിയന്തര ലാൻഡിംഗ് നടത്താറുണ്ട്. ഇത്തരം ലാൻഡിംഗ് നേരിടാനായി റൺവേയിൽ അടിയന്തര സംവിധാനങ്ങളും ഒരുക്കാറുണ്ട്. ഇത് പല തവണ കണ്ട് കാര്യങ്ങൾ അറിയാവുന്ന നാട്ടുകാർ കഴിഞ്ഞ ദിവസം വിമാനം പലതവണ വട്ടമിട്ട് പറക്കാൻ തുടക്കിയതോടെ വിമാനത്താവളത്തിൽ ഉൾപ്പെടെ വിളിച്ച് വിവരം അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല.
പലരും കാര്യങ്ങൾ അറിയാൻ പൊന്നറ പാലത്തിന്റെ മുകളിലെത്തിയപ്പോൾ വിമാനം റൺവേയിൽ ലാൻഡിംഗ് നടത്തി ഉടൻ തന്നെ വീണ്ടും ടേക്ക് ഓഫ് ചെയ്യുന്നതാണ് കണ്ടത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് പൈലറ്റ് ട്രെയിനിംഗ് ടെസ്റ്റിന്റെ ഭാഗമായി എയർ ഇന്ത്യ നടത്തിയ പ്രകടനമായിരുന്നു ഇതെന്ന് നാട്ടുകാർക്ക് മനസിലായത്. ട്രെയിനിംഗിന്റെ ഭാഗമായി പൈലറ്റുമാർ ആകാശത്ത് വിമാനം വട്ടമിട്ട് പറന്ന ശേഷം 18 തവണ റൺവേയിൽ ലാൻഡിംഗും ടേക്ക് ഓഫും നടത്തുന്നതിന്റെ പരിശീലന പരിപാടിയാണ് നാട്ടുകാരുടെ ചങ്കിടിപ്പ് കൂട്ടിയത്.
വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനങ്ങൾ ലാൻഡിംഗിനും ടേക്ക് ഓഫിനുമെത്താത്ത സമയം നോക്കിയാണ് എയർ ഇന്ത്യ പൈലറ്റ്മാർക്ക് പരിശീലനത്തിന് നൽകിയത്. ഇന്നലെ രാവിലെ ബംഗളൂരുവിൽ നിന്ന് യാത്രക്കാരുമായെത്തിയ എയർ ഇന്ത്യ വിമാനമാണ് യാത്രക്കാരെ ഇറക്കിയ ശേഷം പൈലറ്റുമാരുടെ പരിശീലത്തിന് ഉപയോഗിച്ചത്.