ss

കൊല്ലം: ഓർമയുറയ്ക്കും മുന്നേ അച്ഛൻ മരിച്ചതോടെ എച്ചിൽപ്പാത്രം കഴുകിയും പുകയൂതിയും കഷ്ടപ്പെട്ടു വളർത്തിയ അമ്മയ്ക്കുള്ള സമ്മാനമാണ് കണ്ണൂർ മണത്തണ ജി. എച്ച്.എസ്.എസിലെ യദുവിന്റെ ഇരട്ട എ ഗ്രേഡുകൾ. ഇരിട്ടിപ്പുഴയുടെ ആഴങ്ങൾ അച്ഛൻ രമേശിനെ കൂടെക്കൂട്ടുമ്പോൾ യദുവിന് വെറും നാലുവയസ്. പിന്നീട് അമ്മ വിനീതയുടെ ഒറ്റയാൾ പോരാട്ടം. ഭരതാട്യത്തിനും നാടോടി നൃത്തത്തിനുമുള്ള എ ഗ്രേഡുകൾ ജീവിതവേദനയ്ക്കുള്ള മരുന്നാണ്.

കണ്ണൂർ ഇരിട്ടി സ്വദേശിയായ രമേശന് ടൈൽസ് പണിയായിരുന്നു. യദുവിനേയും അനിയത്തി രണ്ടുവയസുകാരി അളകനന്ദയേയും തനിച്ചാക്കി രമേശൻ പോകുമ്പോൾ പകപ്പായിരുന്നു വിനീതയ്ക്ക്. ഒരു ദിവസം മൂന്നും നാലും വീട്ടിലെ പാത്രം കഴുകിയും തുണിയലക്കിക്കിയും ജീവിതം കരയ്ക്കടുപ്പിക്കാൻ ശ്രമിച്ചു. മനസിലേയ്ക്ക് ഇടയ്ക്ക് ഇടയ്ക്ക് ഓളം തട്ടുന്ന രമേശന്റെ ഓർമ്മകൾ മറക്കാനാണ് പണം ഇല്ലെങ്കിലും യദുവിനെ അമ്മ നൃത്തം അഭ്യസിപ്പിച്ചത്. രമേശന് സംഗീതം ആയിരുന്നു പ്രിയം. സംഗീതം പഠിച്ചാൽ വീണ്ടും അച്ഛനോർമ്മകൾ കുമിഞ്ഞു കൂടും. അതിനാൽ അമ്മയുടെ ഇഷ്ട ഇനമായ നൃത്തത്തിലേക്ക് തിരിഞ്ഞു. പണം ഇല്ലാത്തതിനാൽ ഇടയ്ക്ക് പഠനം മുടങ്ങി. ലോൺ എടുത്തും കടം വാങ്ങിയും വിനീത യദുവിനെ പഠിപ്പിച്ചു. ഭരതനാട്യത്തിന് ശ്യാം കൃഷ്ണനും നാടോടി നൃത്തത്തിന് രാംദാസ് ഭാസ്കറുമാണ് ഗുരു. കഴിഞ്ഞവർഷവും നാടോടി നൃത്തത്തിന് എ ഗ്രേഡ് ഉണ്ടായിരുന്നു. ഭരതനാട്യത്തിൽ അപ്പീൽ വാങ്ങിയാണ് യദു സംസ്ഥാനത്തേയ്ക്ക് വന്നത്.

കാൽ മുറിഞ്ഞിട്ടും

കുട്ടികളുടെ നരബലിയാണ് യദു നാടോടിനൃത്തത്തിൽ അവതരിപ്പിച്ചത്. പകുതി വച്ച് കാൽ വേദിയിൽ ഇടിച്ചു. കളിക്കുന്ന ആവേശത്തിൽ ചോര കിനിഞ്ഞത് അറിഞ്ഞില്ല. വേദന കടിച്ചു പിടിച്ചു മുഴുവൻ കളിച്ചു. പുറത്തിറങ്ങി ചോരയിൽ പൊതിഞ്ഞ കാലിൽ മരുന്ന് വച്ചു. നഴ്സ് ആവാനാണ് മോഹം.