
രാജ്യത്ത് ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടുന്ന രാഷ്ട്രീയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ വിമർശനങ്ങളിൽ തളരാതെ മുന്നോട്ട് ശക്തിമാനായി കുതിക്കുന്ന നേതാവും മറ്റാരുമല്ല. അതേസമയം മറ്റൊരു രാജ്യത്തിന്റെ ഭരണഘടനാപരമായ പദവികൾ വഹിക്കുന്നവർ മോദിയെ വിമർശിച്ചാൽ അത് ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാകും. സാധാരണഗതിയിൽ അത്തരം വിമർശനങ്ങൾ ഉണ്ടാകാറില്ല. എന്നാൽ ഇന്ത്യയുമായുള്ള ബന്ധം ഉലയ്ക്കും വിധമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാലദ്വീപിലെ മൂന്ന് മന്ത്രിമാർ അധിക്ഷേപിച്ചത്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് മറ്റ് യാതൊരു പ്രകോപനവുമില്ലാതെ ഇവർ അധിക്ഷേപം ചൊരിഞ്ഞത്. മോദിയെ കോമാളിയെന്നും ഇസ്രയേലിന്റെ പാവയെന്നും പരിഹസിച്ച് മാലദ്വീപിലെ യുവശാക്‌തീകരണ വകുപ്പ് സഹമന്ത്രിയും വനിതയുമായ മറിയം ഷിയുന എക്‌സിൽ പോസ്റ്റിട്ടു. പിന്നാലെ മറ്റ് രണ്ട് മന്ത്രിമാരും മോശം പോസ്റ്റുകളിട്ടു. ഇത് വലിയ വിവാദമായി മാറി. പ്രതിസന്ധികളിൽ മാലദ്വീപിനെ അകമഴിഞ്ഞ് സഹായിച്ചിട്ടുള്ള ഇന്ത്യയെ അപമാനിച്ചതിൽ ആ രാജ്യത്തും പ്രതിഷേധം ഉയർന്നതോടെ ഗത്യന്തരമില്ലാതെ മൂന്ന് മന്ത്രിമാരെയും മാലദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തു. മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തുവന്നതോടെ മന്ത്രിമാർ പോസ്റ്റുകൾ പിൻവലിച്ചു. ഇന്ത്യ പഴയതുപോലെ അല്ല. ഒരു വൻ ശക്തിയായി വളർന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല ഏതു പ്രകോപനത്തിനും അതേ നാണയത്തിൽ തിരിച്ചടിക്കാൻ അമാന്തിക്കാറുമില്ല. മാലദ്വീപിനെതിരെയും ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. മാലദ്വീപ് ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുകയും ചെയ്തു. മാലദ്വീപിലെ മൂന്ന് മന്ത്രിമാരുടെ അപക്വമായ പരാമർശങ്ങൾ ആ രാജ്യത്തിന്റെ ടൂറിസം രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്കും മാറിയിരിക്കുന്നു. മാലദ്വീപിന്റെ പ്രധാന വരുമാനമാർഗം ടൂറിസമാണ്. ഇന്ത്യയിൽ നിന്നുള്ള താരങ്ങൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും. മോദിയെ അവഹേളിച്ചതിന് പിന്നാലെ മാലദ്വീപിനെ ബഹിഷ്ക്കരിക്കാൻ നടൻ അക്ഷയ്‌കുമാർ, സച്ചിൻ ടെൻഡുൽക്കർ, സൽമാൻഖാൻ, ജോൺ എബ്രഹാം തുടങ്ങിയവർ അഹ്വാനം ചെയ്തു. ഇത് ഭാവിയിൽ ടൂറിസം രംഗത്തിന് വൻ തിരിച്ചടിയായി മാറുമെന്ന് തിരിച്ചറിഞ്ഞതും മന്ത്രിമാരെ ഉടൻതന്നെ സസ്‌പെൻഡ് ചെയ്യാൻ കാരണങ്ങളിലൊന്നായി. വിവാദത്തോടെ മാലദ്വീപ് യാത്ര റദ്ദാക്കിയും നിരവധി ഇന്ത്യാക്കാർ പോസ്റ്റുകൾ ഇട്ടു. മോദിയുടെ ലക്ഷദ്വീപ് സന്ദർശനം ലക്ഷദ്വീപിലെ ടൂറിസത്തിന് ഉത്തേജനമാകുമെന്നും ഇത് മാലദ്വീപിലെ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന അനുമാനത്തിലും ഭയത്തിലും നിന്നാണ് മന്ത്രിമാരുടെ വിമർശനങ്ങൾ ഉയർന്നത്.
മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായതു മുതലാണ് ഇന്ത്യയുമായുള്ള ബന്ധം ഉലയാൻ തുടങ്ങിയത്. ചൈനയുമായി ഉറ്റ ബന്ധം പുലർത്താൻ നീക്കങ്ങൾ നടത്തുന്നയാളാണ് പുതിയ പ്രസിഡന്റ്. മാലദ്വീപിലേക്ക് ചൈനയുടെ വമ്പൻ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് പ്രസിഡന്റ് ഇന്ത്യാ വിരോധം ഒരു കാർഡായി ഉപയോഗിക്കുന്നത്. ചൈന നിക്ഷേപങ്ങൾ നടത്തിയ രാജ്യങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിൽ വീണുലയുന്നതാണ് ഇതുവരെ നമ്മൾ കണ്ടുവന്നിട്ടുള്ളത്. ആപത്തുകാലത്ത് ചൈന സഹായിക്കാനും വരില്ല. ശ്രീലങ്കയുടെ പ്രതിസന്ധിയിൽ മരുന്നും പണവും നൽകി സഹായിക്കാൻ ഇന്ത്യയാണ് മുന്നോട്ടുവന്നത്. അല്ലാതെ അവിടെ വൻ നിക്ഷേപം നടത്തിയ ചൈനയല്ല. ഇത് തിരിച്ചറിയാൻ വൈകിയാൽ അതിന്റെ ഫലം വൈകാതെ മാലദ്വീപ് പ്രസിഡന്റ് അനുഭവിക്കേണ്ടിവരുമെന്നതിൽ സംശയമില്ല.