cd

നിയമത്തെയും നീതിബോധത്തെത്തന്നെയും ചോദ്യം ചെയ്യുന്നതായിരുന്നു ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ ശിക്ഷ പൂർത്തിയാകും മുമ്പ് ജയിലിൽ നിന്നു മോചിപ്പിച്ചുകൊണ്ടുള്ള ഗുജറാത്ത് സർക്കാർ തീരുമാനം. നീതിയുടെ വെളിച്ചം പാടേ അണഞ്ഞിട്ടില്ലെന്നും പ്രത്യാശിക്കാൻ ഇനിയും വഴിയുണ്ടെന്നും ഉറക്കെ വിളിച്ചുപറയുന്നതാണ് ഈ കേസിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്നുണ്ടായ ഐതിഹാസികമായ വിധി. കേസിൽ പതിനൊന്നു പ്രതികളെ മോചിപ്പിച്ചുകൊണ്ടുള്ള ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കിയിരിക്കുകയാണ്. മോചിതരായ പതിനൊന്നു പ്രതികളും വീണ്ടും ജയിൽവാസം അനുഭവിക്കേണ്ടിവരുമെന്നതാണ് വിധിയുടെ ചുരുക്കം. രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്നാണ് നിർദ്ദേശം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതികളിലൊരാൾ നേടിയ ഉത്തരവിന്റെ ബലത്തിലാണ് ഗുജറാത്ത് സർക്കാർ പതിനൊന്നു പ്രതികൾക്കും ശിക്ഷാ ഇളവു നൽകി വിട്ടയച്ചത്.

രാജ്യം ഒന്നടങ്കം ഉറ്റുനോക്കിയിരുന്ന കേസിൽ വിധി വന്നതോടെ നീതിക്കുവേണ്ടി രണ്ടു പതിറ്റാണ്ടായി അലയുന്ന ബിൽക്കീസ് ബാനുവിനു മാത്രമല്ല ആശ്വാസമാകുന്നത്. ചവിട്ടിമെതിക്കപ്പെടുന്ന രാജ്യത്തെ സ്‌ത്രീസമൂഹത്തിന്റെ അവകാശവും മാന്യതയും അംഗീകരിക്കപ്പെടുന്ന വിധികൂടിയാണിത്. കുറ്റവാളികൾക്കു അഭയം നൽകുന്ന ഭരണകൂട ചെയ്തികൾക്കു നേരെയും അത് വിരൽചൂണ്ടുന്നു.

ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളെ വിട്ടയയ്ക്കാൻ യഥാർത്ഥത്തിൽ ഗുജറാത്ത് സർക്കാരിന് അധികാരമില്ലായിരുന്നു. കാരണമായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് കേസിന്റെ വിചാരണ നടന്നത് ഗുജറാത്തിൽ വച്ചല്ല എന്നതാണ്. സുപ്രീംകോടതി ഇടപെട്ടാണ് കോളിളക്കമുണ്ടാക്കിയ ബിൽക്കീസ് ബാനു കേസ് വിചാരണ മഹാരാഷ്ട്രയിൽ പ്രത്യേക കോടതിക്കു കൈമാറിയത്. അതുകൊണ്ടുതന്നെ പ്രതികളുമായി ബന്ധപ്പെട്ട തീരുമാനം വരേണ്ടത് മഹാരാഷ്ട്ര സർക്കാരിൽ നിന്നാണ്. മാത്രമല്ല സി.ബി.ഐ അന്വേഷിച്ച കേസാകയാൽ കേന്ദ്ര സർക്കാർ കൂടി അറിഞ്ഞുവേണം പ്രതികളുടെ മോചന വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ. പ്രതികൾ 14 വർഷം ജയിൽവാസം അനുഭവിച്ചു എന്നതു മോചനം നൽകാൻ മതിയായ കാരണമല്ല. ജീവപര്യന്തം ശിക്ഷ എന്നത് ജീവിതാവസാനം വരെയുള്ള ജയിൽവാസം എന്നാണ് അർത്ഥമാക്കേണ്ടത്. അതല്ലെങ്കിൽ ശിക്ഷാവിധിയിൽ ജയിൽവാസം എത്ര വർഷമെന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഈ കേസിലെ പ്രതികളുടെ കാര്യത്തിൽ ജീവപര്യന്തം തടവെന്നാണ് വിധിച്ചിട്ടുള്ളത്. വിചാരണ കോടതിയുടെ വിധി 2017ൽ ബോംബെ ഹൈക്കോടതിയും ശരിവച്ചതാണ്.

ഗോധ്‌റാ ട്രെയിൻ തീവയ്പു സംഭവത്തെത്തുടർന്നു പൊട്ടിപ്പുറപ്പെട്ട ഗുജറാത്ത് കലാപത്തിലാണ് ബിൽക്കീസ് ബാനുവും കുടുംബാംഗങ്ങളും ആക്രമിക്കപ്പെട്ടത്. അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കീസിനെ അക്രമികൾ കൂട്ടമാനഭംഗത്തിനിരയാക്കി. അവരുടെ മൂന്നുവയസ്സുള്ള കുട്ടി ഉൾപ്പെടെ കുടുംബാംഗങ്ങളായ 14 പേരെ കൂട്ടക്കൊല ചെയ്തു. ഒറ്റപ്പെട്ടുപോയ ബിൽക്കീസിന്റെ തുടർന്നുള്ള ജീവിതം നിയമ പോരാട്ടങ്ങളുടെ വലിയൊരു തുടർക്കഥ കൂടിയാണ്.

ഇതുപോലുള്ള കേസുകളിൽ ഇരകളുടെ അവകാശവും നീതിയും ഒരുപോലെ സംരക്ഷിക്കേണ്ടത് കോടതിയുടെ പാവനമായ കർത്തവ്യമാണെന്ന് ജസ്റ്റിസ് നാഗരത്ന പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ഈ കേസിൽ ഗുജറാത്ത് സർക്കാരിൽ നിന്നുണ്ടായത്. അധികാരത്തിന്റെ ദുർവിനിയോഗമാണിത്. എന്നുമാത്രമല്ല ഹീനമായ തീരുമാനമായേ അതിനെ വിശേഷിപ്പിക്കാനാകൂ. കുറ്റകൃത്യത്തിന്റെ സ്വഭാവവും സാഹചര്യങ്ങളും പരിഗണിച്ച് ചില കേസുകളിൽ പ്രതികൾക്ക് ആനുകൂല്യങ്ങൾ നൽകാറുണ്ട്. എന്നാൽ ബിൽക്കീസ് ബാനുവും കുടുംബവും നേരിടേണ്ടിവന്ന ഭയാനകവും അതിക്രൂരവുമായ അനുഭവങ്ങൾ പരിഗണിച്ചാൽ പ്രതികൾ ഒരുവിധ ഇളവുകൾക്കും അർഹരല്ലെന്ന് കാണാനാവും. അത്രയേറെ ഹീനവും രാജ്യത്തിന്റെ യശസ്സിനുതന്നെ കളങ്കംചേർത്തതുമായ ഘോര പാതകമാണു നടന്നത്. രാജ്യത്തെ നിയമവാഴ്‌ചയുടെ വലിയൊരു വിജയം കൂടിയാണിത്. നീതിക്കുവേണ്ടിയുള്ള നിരാലംബരുടെ പോരാട്ടം വ്യർത്ഥമാവുകയില്ലെന്നു വിളിച്ചോതുന്ന സുപ്രധാന തീർപ്പു കൂടിയാണ് സുപ്രീംകോടതിയിൽ നിന്നു ഉണ്ടായിരിക്കുന്നത്.