
തിരുവനന്തപുരം: ഹിന്ദു ധർമ്മപരിഷത്ത് ആർഷധർമ്മ പുരസ്‌കാരത്തിന് മോഹൻദാസ് ഗ്രൂപ്പ് ഒഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റാണി മോഹൻദാസും പ്രൊഫ.ജി.ബാലകൃഷ്‌ണൻ നായർ പുരസ്‌കാരത്തിന് ഡോ.എസ്.ശ്രീകലാദേവിയും അർഹരായി.ആദ്ധ്യാത്മിക,ജീവകാരുണ്യ,വിദ്യാഭ്യാസ മേഖലകൾക്ക് നൽകിവരുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. നാലു ദശാബ്ദത്തിലേറെയായി വിവിധ മേഖലകളിൽ റാണി മോഹൻദാസ് നൽകുന്ന സേവനം മാതൃകാപരവും മഹത്തരവുമാണെന്ന് പുരസ്‌കാര നിർണയ സമിതി വിലയിരുത്തിയതായി ഹിന്ദുധർമ്മ പരിഷത്ത് അദ്ധ്യക്ഷൻ എം.ഗോപാൽ അറിയിച്ചു. 25,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 12ന് അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പുരസ്‌കാരം നൽകും.
വൈജ്ഞാനിക ആദ്ധ്യാത്മിക സാഹിത്യത്തിലെ മികച്ച ഗ്രന്ഥത്തിനുള്ള പ്രൊഫ.ജി.ബാലകൃഷ്‌ണൻ നായർ പുരസ്‌കാരം ഡോ.എസ്.ശ്രീകലാദേവി എഴുതിയ 'ഭാരതീയവിദ്യാഭ്യാസം സഹസ്രാബ്ദങ്ങളിലൂടെ' എന്ന പുസ്‌തകത്തിനാണ് ലഭിച്ചത്. 10,000 രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്ന പുരസ്‌കാരം 10ന് വൈകിട്ട് 6ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ നൽകും.