dr-sarin

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് അടക്കം ആരോപിച്ച് കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി.സരിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതോടെ സംഘടനയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ പോര് രൂക്ഷമായി. സരിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണാ നായർ ഉൾപ്പെടെ ആറുപേർ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി.

ഏകാധിപത്യ പ്രവണത, വ്യക്തിപരമായ പ്രചാരണത്തിന് ഡിജിറ്റൽ മീഡിയ വിഭാഗത്തെ ഉപയോഗിച്ചു തുടങ്ങിയ ആരോപണങ്ങളും സരിനെതിരെ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. കൂട്ടായ ചർച്ച പല കാര്യങ്ങളിലും നടക്കുന്നില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഒരു വിഭാഗം ഡിജിറ്റൽ മീഡിയ അംഗങ്ങളെ മാറ്റി നിറുത്തിയെന്നും പരാതിയിലുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവർക്കാണ് പരാതി നൽകിയത്.

പരാതി നൽകിയതിന്റെ പേരിൽ 26 പേരടങ്ങുന്ന സെല്ലിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് പലരേയും പുറത്താക്കി പുതിയ ഗ്രൂപ്പുണ്ടാക്കിയെന്നും ആരോപിക്കുന്നു എന്നാൽ, പരാതിയിൽ നാണം കെടുന്നത് പാർട്ടിയാണെന്നും ആരെയും വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് മാറ്റിയിട്ടില്ലെന്നും പി.സരിൻ പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷൻ നിയോഗിച്ചവരാണ് ആദ്യ ഗ്രൂപ്പിലുള്ളവർ. ജോലി കൃത്യമായി നിർവഹിക്കാത്തവരെ ഒഴിവാക്കിയാണ് പുതിയ ഗ്രൂപ്പ് രൂപീകരിച്ചതെന്നും വ്യക്തമാക്കി.