ushakumari-family

വർക്കല : വർക്കല നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് രചിച്ച കുട്ടികളുടെ നാരായണഗുരു, അറിവിന്റെ ആദ്യപാഠങ്ങൾ എന്നീ കൃതികളെ ആസ്‌പദമാക്കി നാരായണഗുരുകുലം ജില്ലാ സ്‌റ്റഡി സർക്കിളുകളും പാക്കിൽ ഹോം സ്‌റ്റഡി സെന്ററും സംസ്ഥാനതലത്തിൽ എഴുത്തുപരീക്ഷ സംഘടിപ്പിച്ചു . 58 ഓളം സെന്ററുകളിലായി നടന്ന എഴുത്തുപരീക്ഷയിൽ 3275 പേർ പങ്കെടുത്തു. കുട്ടികളുടെ നാരായണഗുരു വിൽ ആറര വയസ്സുമുതൽ 9 വയസ്സുവരെയുള്ളവരെ ഉൾപ്പെടുത്തി . അറിവിന്റെ ആദ്യപാഠങ്ങളിൽ 13 വയസ്സുമുതൽ 15 വയസ്സുവരെയും. ഇതിൽ16 വയസ്സുമുതൽ പ്രായഭേദമില്ലാതെ ഏവർക്കും പങ്കടുക്കാമായിരുന്നു. കുട്ടികളുടെ നാരായണഗുരു - എഴുത്തുപരീക്ഷ വിഭാഗത്തിൽ 2 ലക്ഷം രൂപയും അറിവിന്റെ ആദ്യപാഠങ്ങൾ - എഴുത്തുപരീക്ഷ വിഭാഗത്തിൽ 4 ലക്ഷം രൂപയുമാണ് കാഷ് അവാർഡ്. 75 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്നവർ വിജയികളാകും. വിജയികൾക്ക് സമ്മാനത്തുക തുല്യമായി വീതിച്ചു നൽകുമെന്ന് ശ്രീനാരായണഗുരു ഹോം സ്‌റ്റഡി സെന്റർ ഡയറക്ടർ പി .കെ. ശിവപ്രസാദ് പറഞ്ഞു . വർക്കല ഗുരുകുലം സെന്ററിൽ നടന്ന എഴുത്തുപരീക്ഷയിൽ ഒരു കുടുബത്തിലെ മൂന്ന് തലമുറയിൽപ്പെട്ട അഞ്ച് അംഗങ്ങൾ പങ്കെടുത്തു . താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസറായി വിരമിച്ച നാവായിക്കുളം മുട്ടിയറ റാണി വില്ലയിൽ ദേവദാസന്റെ ഭാര്യ വി. ഉഷാകുമാരി, നൗഷാ റാണി ( അസി .പ്രൊഫസർ ശ്രീനാരയണഗുരു കോളേജ് ഓഫ് ലീഗൽ സ്‌റ്റഡീസ്‌, കൊല്ലം ), മരുമകൻ പി. അരുൺ ( മാനേജർ, ഐ.സി.ഐ.സി.ഐ ബാങ്ക്, നാലാഞ്ചിറ ) ചെറുമക്കളും അയിരൂർ എം.ജി.എം സ്കൂൾ വിദ്യാർത്ഥികളുമായ എ .ഈശ്വർ, എ. ഭരത് എന്നിവരാണ് എഴുത്തുപരീക്ഷയിൽ പങ്കെടുത്തത്.