തിരുവനന്തപുരം:എം.ജി സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. എ.സുകുമാരൻ നായർ (94) നിര്യാതനായി. വഞ്ചിയൂർ ഹരിമന്ദിരത്തിൽ ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു അന്ത്യം.
കേരള യൂണിവേഴ്‌സിറ്റിയിൽ പ്രൊ വൈസ് ചാൻസലർ, കേരള, കാലിക്കറ്റ് സർവകലാശാലകളിൽ വിവിധ വകുപ്പുകളിൽ പ്രൊഫസർ, ഡീൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ, എൻ.സി.ആർ.ടി എന്നിവയിൽ വിദഗ്ദ്ധസമിതി അംഗമായിരുന്നു. കാര്യവട്ടം തുണ്ടത്തിൽ ഹൈസ്‌കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
വിവാദമായ പ്രീഡിഗ്രി ബോർഡ് നടപ്പിലാക്കാൻ ശുപാർശ ചെയ്ത വെെസ്ചാൻസലർമാരുടെ സമിതിയുടെ കൺവീനറായിരുന്നു. എല്ലാവർക്കും കുറഞ്ഞചെലവിൽ ഉന്നതവിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്വാശ്രയ സർവകലാശാല എന്ന ആശയവും ആവിഷ്‌കരിച്ചു.
എജ്യുക്കേഷണൽ സൈക്കോമെട്രി എന്ന വിഷയത്തിൽ ദേശീയതലത്തിൽ അംഗീകാരമുണ്ടായിരുന്ന ഗവേഷകനായിരുന്നു. വിദ്യാഭ്യാസ മനഃശാസ്ത്രത്തിൽ പണ്ഡിതനായിരുന്ന ബെഞ്ചമിൻ ബ്ലൂമിന്റെ കീഴിൽ അമേരിക്കയിൽ പരിശീലനം നേടിയിട്ടുള്ള ഇദ്ദേഹം രൂപകൽപന ചെയ്ത മനഃശാസ്ത്ര പുസ്തകങ്ങൾ ബി.എഡ് കോഴ്‌സുകളിൽ ഉപയോഗിക്കുന്നുണ്ട്. മാത്തമാറ്റിക്സ്,എജ്യുക്കേഷൻ, സോഷ്യോളജി, പൊളിറ്റിക്സ്,സൈക്കോളജി എന്നിവയിൽ എം.എ ബിരുദം നേടിയിരുന്നു. 45 ലധികം പി എച്ച്.ഡി വിദ്യാർത്ഥികൾക്ക് ഗൈഡായി പ്രവർത്തിച്ചു. സംഗീതത്തിലും അവഗാഹമുണ്ടായിരുന്നു. പ്രമുഖ സംഗീതജ്ഞനും ചിത്രകാരനും കേന്ദ്ര ലളിതകലാ അക്കാഡമി മുൻ അദ്ധ്യക്ഷനുമായ പത്മഭൂഷൺ എ.രാമചന്ദ്രൻ സഹോദരനാണ്.
ഭാര്യ: കോമളം എസ്.നായർ (റിട്ട.ഹെഡ്മിസ്ട്രസ്). മക്കൾ:ശിവശങ്കർ എസ്.നായർ (റിട്ട. ഗണിതശാസ്ത്ര അസിസ്റ്റന്റ് പ്രൊഫസർ), രവിശങ്കർ എസ്.നായർ (റിട്ട.ലിംഗ്വിസ്റ്റിക് പ്രൊഫസർ, കേന്ദ്രസർവകലാശാല, കാസർകോട്), അച്യുത് ശങ്കർ എസ്.നായർ (സി- ഡിറ്റ് മുൻ ഡയറക്ടർ, കേരളസർവകലാശാല പ്രൊഫസർ), ഉദയശങ്കർ എസ്.നായർ ( പ്രൊഫസർ,അലബാമ സർവകലാശാല). മരുമക്കൾ: വിമല (റിട്ട.ബി.എസ്.എൻ.എൽ),ഹേമ (റിട്ട. അദ്ധ്യാപിക, ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ്),മേരി നായർ (കമ്പ്യൂട്ടർ പ്രോഗ്രാമർ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.