വിഴിഞ്ഞം: വിദേശ വിനോദ സഞ്ചാരികളടക്കമുള്ളവർക്കായി സജ്ജമാക്കിയ കോവളത്തെ സൈലന്റ് വാലി പദ്ധതിക്ക് വീണ്ടും പ്രതീക്ഷ. കോവളത്തെ ടൂറിസം വികസനത്തിനായുള്ള 100 കോടിയുടെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സൈലന്റ് വാലിയിലെ തുടർ പദ്ധതികൾ നടപ്പാക്കും. പദ്ധതി നടത്തിപ്പിനായി ക്ഷണിച്ച ടെൻഡർ അടുത്തമാസം 13ന് തുറക്കും.

ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് ടൂറിസ്റ്റുകൾ വരാതായതോടെ ടെൻഡർ എടുത്തയാൾ പദ്ധതിയിൽ നിന്ന് പിന്മാറുകയായിരുന്നു. വിദേശികളെയും കുട്ടികളെയും ആകർഷിക്കാൻ കോവളത്ത് വാട്ടർ സ്‌പോർട്സ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കി സൈലന്റ് വാലി പദ്ധതി പ്രദേശം കോവളം ആക്ടിവിറ്റി ഹബ്ബാക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൂറിസം പദ്ധതിയിലാണ് കെട്ടിടങ്ങളുടെ നിർമ്മാണം നേരത്തെ പൂർത്തിയാക്കിയത്.

തിരുവിതാംകൂർ രാജാക്കന്മാർ കോവളം കൊട്ടാരം സന്ദർശിക്കുന്ന സമയത്ത് ഉപയോഗിച്ചിരുന്ന കുളവും അനുബന്ധ കെട്ടിടങ്ങളും പശ്ചാത്തലമാക്കിയുമാണ് പരമ്പരാഗത ശൈലിയിൽ ഇവിടെ പുതിയ കെട്ടിടം നിർമ്മിച്ചത്.

സഞ്ചാരികളേ ഇതിലേ.....

-------------------------------------


ഗോവൻ മോഡലിലാണ് വാട്ടർ സ്‌പോർട്സ് ഒരുക്കുന്നത്. ബനാന റൈഡുൾപ്പെടെയുള്ള നിരവധി റൈഡുകളും ഇവിടെ സജ്ജമാക്കും. കോവളം ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിനും സർക്കാർ ഗസ്റ്റ് ഹൗസിനും സമീപത്തായാണ് നിശബ്ദ താഴ്‌വര. ഗസ്റ്റ് ഹൗസിനോട് ചേർന്ന് തിരുവിതാംകൂർ രാജകുടുംബം ഉപയോഗിച്ചിരുന്ന കുളം ഉൾപ്പെടെയുള്ള മൂന്നേക്കർ സ്ഥലമാണ് ടൂറിസം വകുപ്പ് പദ്ധതിക്കായി വിനിയോഗിച്ചത്.


പദ്ധതിയിൽ ഇങ്ങനെ

സൂര്യസ്‌നാനം ചെയ്യുന്നതിനും കടൽക്കാഴ്ച ആസ്വദിക്കുന്നതിനുമുള്ള ഇരിപ്പിടങ്ങൾ

കടൽക്കുളിക്ക് ശേഷമെത്തുന്നവർക്ക് ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നതിനുള്ള ഷവർ ബ്ലോക്‌സ്

കോഫിബാർ,ലൈബ്രറി,ഉദ്യാനം,റിസപ്ഷൻ ബ്ലോക്ക്,സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ക്യാബിനുകൾ

ബീച്ചിലേക്കുള്ള നടപ്പാത,പുൽത്തകിടി,ഇരിപ്പിടങ്ങൾ,വർണവിളക്കുകൾ

വാട്ടർ സ്‌പോർട്സ് സർഫിംഗ്,നീന്തൽ,വിൻഡ് സർഫിംഗ്,ജെറ്റ് സ്‌കീയിംഗ്,സ്കൂബ ഡൈവിംഗ്

നിർമ്മാണച്ചെലവ് - രണ്ട് ഘട്ടങ്ങളിലായി 5 കോടിയോളം

 പദ്ധതിക്ക് അനുമതി ലഭിച്ചത് - 2013 ജൂലായ്
 നിർമ്മാണം ആരംഭിച്ചത് - 2015 ഫെബ്രുവരി

 പദ്ധതി പൂർത്തിയായത് - 2017 അവസാനം

ഫോട്ടോ: കോവളത്തെ കുളവും കുളിക്കടവും 1934ലെ

ചിത്രം. മലയാളരാജ്യം വാരികയിൽ അച്ചടിച്ചുവന്നത്