
തൃത്താല: വി.കെ.കടവ് റോഡിൽ നടത്തിയ വാഹന പരിശോധനയിൽ ഇരു ചക്ര വാഹനത്തിൽ കടത്തി കൊണ്ടുവരികയായിരുന്ന രണ്ട് കി.ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. തൃത്താല, കൂറ്റനാട് പ്രദേശങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് കച്ചവടം നടത്തി വരികയായിരുന്ന ആസാം സ്വദേശികളായ മിറാസുൽ ഇസ്ലാം (23), റസീതുൽ ഇസ്ലാം (24) എന്നിവരാണ് അറസ്റ്റിലായത്.
പ്രദേശത്തെ യുവാക്കളിൽ പലരും തങ്ങളുടെ കൈയിൽ നിന്നും കഞ്ചാവ് വാങ്ങിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കുറച്ചു നാളായി ഇവർ എക്‌സൈസിന്റെ നിരീക്ഷണ ത്തിലായിരുന്നു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എം.യൂനസ്, പ്രിവന്റീവ് ഓഫീസർ കെ.എ.മനോഹരൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി.പി.മഹേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഫ്രെനെറ്റ് ഫ്രാൻസിസ്, പി.അരുൺ, പി.കെ.നിഖിൽ, ഇ.വി.അനീഷ്, ഡി.ആർ.കവിത റാണി എന്നിവർ പങ്കെടുത്തു.