
നെടുമങ്ങാട്: മുടങ്ങാതെയുള്ള വ്യായാമം, ഏകാഗ്രമായ പഠനം, കായിക-കലാ രംഗങ്ങളിൽ സ്‌കൂളിലെ താരം, സഹപാഠികൾക്ക് പ്രിയ കരാട്ടെ മാഷ്...പ്രഭാത വ്യായാമത്തിനിടെ റിംഗിന്റെ കയർ കഴുത്തിൽ കുരുങ്ങി മരിച്ച ധനുഷിനെപ്പറ്റി പറയാൻ കൂട്ടുകാർക്കും നാട്ടുകാർക്കും നൂറുനാവ്.
ധനുഷ് രാവിലെ അഞ്ചിന് മുമ്പ് ഉറക്കമുണരും. ഏഴുവരെയാണ് വ്യായാമം. വളയത്തിൽ തൂങ്ങി മലക്കം മറിയുന്നതിൽ ഉത്സാഹമായിരുന്നു. ഇന്നലെയും പതിവ് വ്യായാമത്തിനായി ടെറസിൽ പോകുമ്പോൾ സിറ്റൗട്ടിലുണ്ടായിരുന്ന തങ്ങളെ രണ്ടുപേരെയും പുണർന്ന് തമാശകൾ പങ്കിട്ടു. ഒരുപാട് പഠിക്കാനുണ്ട്, വേഗം വരാമെന്നു പറഞ്ഞ് ചിരിയോടെ അവൻ റൂഫിലേക്ക് പോയെന്ന് മാതാപിതാക്കളായ അനിൽകുമാറും സിന്ധുവും നിറകണ്ണുകളോടെ പറയുന്നു. മകന്റെ വിയോഗം തളർത്തിയ അമ്മയുടെ വിങ്ങലുകൾ ആനാട്,വെള്ളരിക്കോണം,മൂഴി നിവാസികളെ കണ്ണീരിലാഴ്‌ത്തി. കാറ്ററിംഗ് ജോലികൾ ചെയ്‌താണ് അച്ഛൻ അനിലും അമ്മ സിന്ധുവും മക്കളെ പഠിപ്പിക്കുന്നത്.
ചെറുപ്പം മുതൽ കരാട്ടേ ക്ളാസുകളിൽ ധനുഷ് സജീവമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ബ്ളാക്ക് ബെൽറ്റ് പട്ടം കരസ്ഥമാക്കി. ക്ളാസിലായാലും വീട്ടിലായാലും കുട്ടികളുടെ ഒരുപറ്റം എപ്പോഴും ധനുഷിനെ ചുറ്റിപ്പറ്റി നടക്കും. അവർക്ക് ഏറെനാളായി ധനുഷിന്റെ വക സൗജന്യ കരാട്ടെ പരിശീലനമുണ്ട്. കായിക ഇനങ്ങളിൽ മാത്രമല്ല, സ്‌കൂൾ,സബ്‌ജില്ലാ മത്സര വേദികളിൽ സദസ്യരെ രസിപ്പിക്കുന്ന മികച്ച മിമിക്രി, മോണോആക്ട് കലാകാരൻ കൂടിയാണ്.
ആനാട് ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി തന്റെ പഠനമികവും അവൻ തെളിയിച്ചു. കമ്പ്യൂട്ടർ എൻജിനിയറാകണമെന്ന ലക്ഷ്യത്തോടെയാണ് പ്ലസ്‌ടുവിന് കമ്പ്യൂട്ടർ സയൻസ് തിരഞ്ഞെടുത്തത്. ''കുടുംബത്തിനും നാടിനും വിളക്കായിരുന്നു ആ കുഞ്ഞ്. ദൈവം നേരത്തെ വിളിച്ചു ' അയൽവാസിയായ രാമചന്ദ്രൻ കണ്ണീരോടെ പറഞ്ഞു. ധനുഷിന്റെ വിയോഗത്തിൽ എസ്.എൻ.ഡി.പി യോഗം മൂഴി,ആനാട് ശാഖകൾ അനുശോചിച്ചു. ശാഖാ ഭാരവാഹികളായ അമൽചന്ദ്,മൂഴി സുനിൽ,ആർ.അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ വസതിയിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.