
തിരുവനന്തപുരം :യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയേറ്റ് മാർച്ചിലെ അക്രമങ്ങളുടെ പേരിൽ അറസ്റ്റിലായ സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടം സമർപ്പിച്ച ജാമ്യാപേക്ഷയിൽ പൊലീസിനെതിരെ ആരോപണം. മജിസ്‌ട്രേട്ടിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഹാജരാക്കിയ വിദഗ്ദ്ധ വൈദ്യപരിശോധനാ റിപ്പോർട്ടിൽ സംശയമുണ്ടെന്നാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്ക് നൽകിയ ജാമ്യാപേക്ഷയിൽ രാഹുൽ ആരോപിക്കുന്നത്.
ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നാഡീസംബന്ധമായ അസുഖം കണ്ടെത്തിയ ദിവസങ്ങൾ നീണ്ട വിദഗ്ദ്ധ പരിശോധനകളുടെ ഫലം അട്ടിമറിക്കുന്ന റിപ്പോർട്ടാണ് പൊലീസ് സമർപ്പിച്ചത്. അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിനായി കോടതിയിൽ ഹാജരാക്കിയ വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ ആധികാരികത ഉറപ്പിക്കാനാണ് രാഹുൽ മാങ്കൂട്ടത്തെ വിദഗ്ദ്ധ പരിശോധനയക്ക് വിധേയനാക്കി റിപ്പോർട്ട് നൽകാൻ മജിസ്‌ട്രേറ്റ് അഭിനിമോൾ എസ്. രാജേന്ദ്രൻ പൊലീസിനോട് നിർദ്ദേശിച്ചത്. നാഡീസംബന്ധമായ അസുഖത്തിന്റെ റിപ്പോർട്ട് പൊലീസ് ഒരു മണിക്കൂറിനകം യാതൊരു പരിശോധനയും കൂടാതെ ഹാജരാക്കിയത്. അതിൽ കോടതിയും സംശയം പ്രകടിപ്പിച്ചില്ലെന്ന് പ്രതിഭാഗം വ്യക്തമാക്കി. പൊലീസിന്റെ റിപ്പോർട്ട് മുഖവിലയ്ക്കെടുത്താണ് കോടതി രാഹുലിന്റെ രോഗത്തിന്റെ തീവ്രത പരിഗണിക്കാതെ ജാമ്യം നിഷേധിച്ചതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
സംഭവം നടന്ന് 20 ദിവത്തിന് ശേഷം പോലീസ് ഹാജരാക്കിയ റിമാൻഡ് അപേക്ഷയിൽ ഒരിടത്തും സെക്രട്ടേറിയേറ്റ് മാർച്ചിനിടെ നടന്ന അക്രമങ്ങൾക്ക് രാഹുൽ നേരിട്ട് നേതൃത്വം കൊടുത്തതായി പറയുന്നില്ല. രാഷ്ട്രീയ വിരോധം കൊണ്ടുമാത്രമാണ് രാഹുലിനെ അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നും അഡ്വക്കേറ്റ് മൃദുൽ ജോൺ മാത്യു മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു.
ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ നിയമ നടപടിക്ക് യൂത്ത് കോൺഗ്രസ്
സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വൈദ്യ പരിശോധനാ റിപ്പോർട്ട് വ്യാജമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ നിയമ നടപടിക്ക് യൂത്ത് കോൺഗ്രസ്.
രാഹുൽ ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ള വ്യക്തിയാണ്. പക്ഷാഘാതം പോലുമുണ്ടാവാൻ സാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന തലസ്ഥാനത്തെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ മെഡിക്കൽ പരിശോധനാ ഫലമാണ് ജാമ്യാപക്ഷയ്ക്കൊപ്പം കോടതിയിൽ നൽകിയത്.ഇതിനെ അട്ടിമറിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടുണ്ടോയെന്ന സംശയമുണ്ടെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കി.
ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ള രാഹുലിനെ ജയിലിലിട്ട് കൊല്ലാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ദേശ്യമെങ്കിൽ അത് നടക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി പറഞ്ഞു.ജനുവരി മൂന്നു മുതൽ ആറ് വരെ രാഹുൽ ആരോഗ്യ പ്രശ്നങ്ങൾക്ക് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
തുടർ സമരങ്ങൾ നടത്തും
രാഹുൽ മാങ്കൂട്ടത്തിനെ ജയിലിടച്ചതിനെ തുടർന്നുള്ള പ്രതിഷേധ സമരങ്ങൾ ജില്ലാതലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അബിൻ വർക്കി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതൃത്വവുമായി സംസാരിച്ച ശേഷമാണ് സമര പരിപാടികൾക്ക് രൂപം നൽകിയത്.
നാളെ കാസർകോട്, കോട്ടയം,ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 13ന് എറണാകുളം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലും 15ന് തൃശൂർ ,മലപ്പുറം, കോഴിക്കോട് ജില്ലകളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.