തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി കെ.ആർ.എഫ്.ബി നിർമിക്കുന്ന എട്ട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്തു. ഗവ.പ്രസ് റോഡ്,കരുണാകരൻ സപ്തതി റോഡ്,ആനി മസ്‌ക്രീൻ –ബേക്കറി ജംഗ്ഷൻ റോഡ്,പുന്നെൻ റോഡ്,പുളിമൂട് –ഹൗസിംഗ് ബോർഡ് ജംഗ്ഷൻ റോഡ്, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ – മോഡൽ സ്‌കൂൾ റോഡ്, ആയുർവേദ കോളേജ് – ഓൾഡ് ജി.പി.ഒ,സെൻട്രൽ തിയേറ്റർ എന്നീ റോഡുകളാണ് അതിവേഗം ഗതാഗതയോഗ്യമാക്കിയത്. ഈ റോഡുകൾക്ക് അടിയിലൂടെ കേബിളുകൾ സ്ഥാപിക്കുന്നതടക്കമുള്ള സ്മാർട്ട് റോഡിന്റെ പ്രവൃത്തികൾ പിന്നാലെ ആരംഭിക്കും. തുടർന്ന് നടപ്പാതകളും നിർമിക്കും. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ എല്ലാ മാസവും അവലോകനയോഗം നടത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മഴക്കാലത്തിനുമുമ്പ് പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 38 സ്മാർട്ട് റോഡിന്റെയും പ്രവൃത്തികൾ നഗരത്തിൽ പുരോഗമിക്കുന്നത്. നവംബറിലാണ് റോഡ് പ്രവൃത്തികൾ ആരംഭിച്ചത്.സ്മാർട്ട് റോഡിനായി വിവിധ റോഡുകൾ അടച്ചതുകാരണം നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.