തിരുവനന്തപുരം: കേരളത്തിന് അതിരുകൾ കൽപ്പിക്കാനാവില്ലെന്ന് തന്റെ പൊതു ജീവിതത്തിൽ നിന്ന് ബോധ്യമായതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. എൻ. രാമചന്ദ്രൻ പുരസ്കാരം ഡോ.ശശിതരൂർ എം.പിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമാണ് കേരളത്തിന്റെ അതിര്. എൻ. രാമചന്ദ്രനുമായി നേരിട്ട് ബന്ധമോ പരിചയമോ തനിക്കില്ല. എങ്കിലും, അദ്ദേഹത്തിന്റെ പാരമ്പര്യവും ചിന്തകളുമാണ് രാജ്യത്തെ ഏറ്റവും ഉയർന്ന നേതാക്കളെ ഈ വേദിയിലെത്തിച്ചതെന്ന് മനസിലാക്കുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തിന് ധാർമ്മികമായ പത്രപ്രവർത്തന പാരമ്പര്യമുണ്ട്. അതിൽ എൻ. രാമചന്ദ്രൻ മുഖ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. അവാർഡിന് അർഹനായ ശശി തരൂരിന്റെ ആരാധകനാണ് താനെന്നും ശിവകുമാർ വ്യക്തമാക്കി.

50 വർഷമായി തന്റെ സുഹൃത്തായ ശശി തരൂർ ബഹുമുഖ പ്രതിഭയാണെന്ന് പ്രശസ്ത സരോദ് വാദകൻ ഉസ്താദ് അംജദ് അലി ഖാൻ പറഞ്ഞു.രാജ്യത്തോട് പ്രതിബദ്ധതയുള്ള ഊർജ്ജസ്വലനായ നേതാവാണ് ഡി.കെ ശിവകുമാർ. താൻ രണ്ട് പേരുടെയും ആരാധകനാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം സ്വന്തം വീട് പോലെയാണ്. 70കൾ മുതൽ ഇവിടെ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. ഇവിടെ എല്ലാവരും വിദ്യാസമ്പന്നരാണ്. സ്വരം തന്നെയാണ് ഈശ്വരൻ എന്ന് പറഞ്ഞ അദ്ദേഹം ഒരു തരാന ഗാനം പാടിയാണ് പ്രസംഗം അവസാനിപ്പിച്ചത്.

സാമൂഹ്യ നീതിക്ക് വേണ്ടി എന്നും ഉറക്കെ ശബ്ദിക്കുന്നവയാണ് എൻ.രാമചന്ദ്രന്റെ മുഖപ്രസംഗങ്ങളെന്ന് പ്രശസ്ത കവിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമഉപദേഷ്ടാവുമായ പ്രഭാവർമ്മ അദ്ധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. കെ.ആർ നാരായണനെ രാഷ്ട്രപതിയാക്കണമെന്ന് ആദ്യമായി ആവശ്യമുയർത്തിയത് അദ്ദേഹത്തിന്റെ മുഖപ്രസംഗത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂർച്ചയുള്ള എഴുത്തകൾ അദ്ദേഹത്തിന്റെ പുരോഗമന സ്വഭാവത്തെ എടുത്തു കാട്ടുന്നവയായിരുന്നു.

വാർത്തകൾക്കായി സമ്മർദ്ദം

ചെലുത്തരുത്: തരൂർ

ബ്രേക്കിംഗ് ന്യൂസുകൾക്ക് വേണ്ടി മാദ്ധ്യമപ്രവർത്തകരിൽ സമ്മർദ്ദംചെലുത്തുന്ന പ്രവണത ഒഴിവാക്കേണ്ടതാണെന്ന് ഡോ.ശശിതരൂർ എം.പി. അഭിപ്രായപ്പെട്ടു. സ്വതന്ത്രമായി പ്രവർത്തിക്കാൻ മാദ്ധ്യമപ്രവർത്തകരെ അനുവദിക്കണം.

എൻ.രാമചന്ദ്രൻ ഫൗണ്ടേഷന്റെ പുരസ്കാരം സ്വീകരിച്ച് , അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ശശിതരൂർ.

ന്യൂസ് റൂമിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരുണ്ടാവണം. വാർത്തകൾ സെൻസേഷണലാക്കാനുള്ള പ്രവണത കൂടിവരുന്നുണ്ട്. ശരിയായ തെളിവുകളെ ആശ്രയിക്കാതെ വരുന്നു. പക്ഷപാതപരമായി നൽകുന്ന വിവരങ്ങൾ വാർത്തകളാവുന്നു. ടെലിവിഷൻ മേഖലയിലാണ് ഈ പ്രവണത കൂടുതൽ. തന്റെ ഭാര്യയുടെ മരണത്തെ തുടർന്നുണ്ടായ സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്.

പലപ്പോഴും മാദ്ധ്യമങ്ങളിൽ വരുന്നത് റിപ്പോർട്ടുകളല്ല, അഭിപ്രായങ്ങളാണ്. അപ്പോൾ വസ്തുതകൾ തിരിച്ചറിയാനാവാതെ വരും. റിപ്പോർട്ടുകൾ എപ്പോഴും സത്യസന്ധമാവണം. പൊതു ജീവിതത്തിന്റെ നാഡിയാണ് മാദ്ധ്യമങ്ങൾ എന്നതിൽ സംശയമില്ല. ഇക്കാര്യത്തിൽ കുറേക്കൂടി ഉത്തരവാദിത്തം കാട്ടണം. ഇത്തരം അഭിപ്രായങ്ങൾ താൻ പലവട്ടം പറഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. വസ്തുനിഷ്ഠമായ വിശകലനം നടത്തുന്നതിൽ തെറ്റില്ല. മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്താനുള്ള ചില ശ്രമങ്ങൾ കേന്ദ്ര സർക്കാരിൽ നിന്നുണ്ടാവുന്നുണ്ട്. യു.എ.പി.എ വരെ ചുമത്തി മാദ്ധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. തെറ്റുകൾ അറിയാനും തിരുത്താനും മാദ്ധ്യമങ്ങൾ വേണം. സ്വതന്ത്രമാദ്ധ്യമ പ്രവർത്തനം വേണമെന്നതാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്നും ശശിതരൂർ ചൂണ്ടിക്കാട്ടി.