
പാറശാല: അസോസിയേഷൻ ഒഫ് സർജൻസ് ഒഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെയും പാറശാല സരസ്വതി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ താക്കോൽ സുഷിര ശസ്ത്രക്രിയ വിദഗ്ദ്ധർക്കായി സരസ്വതി സർജിക്കൽ ഓറേഷൻ 2023 സംഘടിപ്പിച്ചു. മുൻ ദേശീയ പ്രസിഡന്റും ലോകപ്രശസ്ത താക്കോൽ സുഷിര ശസ്ത്രക്രിയ വിദഗ്ദ്ധനും നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാര ജേതാവുമായ ഡോ.സന്തോഷ് ജോൺ അബ്രഹാം വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രൊഫ.ഡോ.ശ്രീജയൻ, പ്രൊഫ.ഡോ.സുനിൽ, പ്രൊഫ.ഡോ.അനിൽ എന്നിവർ ചെയ്ത പ്രഭാഷണത്തിൽ നൂറിലധികം ഡോക്ടർമാർ പങ്കെടുത്തു. തുടർന്ന് നടന്ന ചടങ്ങിൽ പ്രൊഫ.ഡോ.മോഹൻദാസ്, പ്രൊഫ.ഡോ.അനിൽ എന്നിവർക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്കാരവും, ഡോ.ബിബിൻ പി.മാത്യുവിന് ശസ്ത്രക്രിയ വിഭാഗത്തിലെ യുവപ്രതിഭയ്ക്കുള്ള പുരസ്കാരവും, പ്രൊഫ.ഡോ.എം.പി.ശ്രീജയന് മികച്ച സർജറി അദ്ധ്യാപകനുള്ള പുരസ്കാരവും സമ്മാനിച്ചു. സരസ്വതിയുടെ പുതിയ ചുവടുവയ്പായ സരസ്വതി എഫ്.എം എന്ന വാർത്താചാനലിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.പ്രമേഹ പാദരോഗത്തിനെതിരെ പോരാടുന്ന സരസ്വതിയുടെ പാദസ്പർശ് ടീമിനെ ചടങ്ങിൽ ആദരിച്ചു.