തിരുവനന്തപുരം: കാലപ്പഴക്കം ചെന്ന പൈപ്പുകൾ അടിയന്തരമായി മാറ്റി നഗരത്തിൽ സ്ഥിരമായി പൈപ്പുകൾ പൊട്ടുന്നമേഖലകളിൽ ശാശ്വത പരിഹാരം കാണാനൊരുങ്ങി ജല അതോറിട്ടി. തിങ്കളാഴ്ച പട്ടം പൊട്ടക്കുഴി ജംഗ്ഷനിലെ പൈപ്പ് ലൈനാണ് ഏറ്റവും ഒടുവിൽ പൊട്ടിയത്. ഇതേതുടർന്ന് നഗരത്തിലെ പത്ത് വാർഡുകളിൽ ശുദ്ധജലവിതരണം മുടങ്ങിയിരുന്നു.
പഴഞ്ചൻ പൈപ്പുകൾ
പ്രധാന കുടിവെള്ള ലൈനുകളിലെ പൈപ്പുകൾക്ക് കാലപ്പഴക്കം ഏറെയാണ്. 30 മുതൽ 50 വർഷം വരെ പഴക്കമുള്ള പൈപ്പുകളാണ് പലയിടത്തും. കവടിയാറിൽ നിന്ന് തുടങ്ങി പട്ടം, മരപ്പാലം വഴി മെഡിക്കൽ കോളേജിൽ അവസാനിക്കുന്ന ലൈനിലാണ് കാലപ്പഴക്കം ചെന്ന പൈപ്പുകളേറെയും. പ്രധാന റോഡുകൾ കടന്നുപോകുന്ന ലൈനുകളായതിനാൽ പൈപ്പ് പൊട്ടിയാലുള്ള അറ്റകുറ്രപ്പണിയും ശ്രമകരമാണ്. മാത്രമല്ല റോഡ് ടാർ ചെയ്യുന്നത് അടക്കമുള്ള സാമ്പത്തിക ബാദ്ധ്യത വേറെയും.പൊട്ടക്കുഴി ജംഗ്ഷനിൽ പൊട്ടിയത് 40 വർഷം പഴക്കമുള്ള 400 മില്ലീമീറ്റർ പ്രിമോ പൈപ്പുകളാണ്. ലൈനിന്റെ താഴ്ന്ന ഭാഗമായതിനാൽ പൈപ്പിനുള്ളിൽ മർദ്ദം കൂടുന്നതാണ് ഇവിടെ അടിക്കടിയുള്ള പൈപ്പ് പൊട്ടലിന് കാരണമെന്ന് ജല അതോറിട്ടി ഉദ്യോഗസ്ഥർ പറഞ്ഞു.
അമൃത് 2ൽ പദ്ധതി
പൈപ്പ് പൊട്ടൽ സ്ഥിരമായതോടെ പഴഞ്ചൻ പൈപ്പുകൾ മാറ്റാനൊരുങ്ങുകയാണ് ജല അതോറിട്ടി. അമൃത് 2 പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പ് ലൈനുകൾ മാറ്റാനുള്ള പദ്ധതി ഭരണാനുമതിക്കായി ജല അതോറിട്ടി സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ ഘട്ടംഘട്ടമായി പൈപ്പുകൾ മാറ്റാനാണ് ലക്ഷ്യമിടുന്നത്. കവടിയാർ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള മൂന്ന് കിലോമീറ്റർ വരെയുള്ള ദൂരത്തിലാകും ആദ്യം പൈപ്പുകൾ മാറ്റിയിടുക.
ജലവിതരണം പുനഃസ്ഥാപിച്ചു
പൊട്ടക്കുഴിയിൽ തിങ്കളാഴ്ച രാത്രി പൈപ്പ് പൊട്ടിയതിനെ തുടർന്ന് തടസപ്പെട്ട ജലവിതരണം ഇന്നലെ വൈകിട്ട് മൂന്നോടെ പുനഃസ്ഥാപിച്ചു.വൈകിട്ടോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം എത്തി. ഉയർന്ന പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെയോടെ ജലവിതരണം പൂർവസ്ഥിതിയിലാകുമെന്ന് ജല അതോറിട്ടി അധികൃതർ പറഞ്ഞു.ഒന്നര മീറ്റർ നീളത്തിൽ 400 എം.എം എം.എസ് പൈപ്പുകളാണ് പൊട്ടക്കുഴിയിൽ മാറ്റിയിട്ടത്.