തിരുവനന്തപുരം : എല്ലാ മതങ്ങളേയും രാഷ്ട്രീയത്തെയും അംഗീകരിക്കാനും സ്നേഹിക്കാനും പഠിപ്പിച്ചത് ഹിന്ദു ധർമ്മമാണെന്ന് പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോ.ജെ. ഹരീന്ദ്രൻ നായർ പറഞ്ഞു. അനന്തപുരം ഹിന്ദു മഹാസമ്മേളനത്തിൽ സമൂഹ്യ പരിവർത്തനം കേരളത്തിൽ എന്ന വിഷയത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവ ധർമ്മത്തിന്റെ സത്ത അറിഞ്ഞാലേ മതേതരത്വം പറയാനാകൂ.
36 വർഷമായി വ്യാപാരരംഗത്ത് വന്നിട്ട്. പലപ്പോഴും പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാൻ സഹായിച്ചത് രാമായണവും മഹാഭാരതവും പുരാണങ്ങളുമാണ്. വേദങ്ങളും പുരാണങ്ങളും ജീവിതത്തിന്റെ ഭാഗമാകുന്നവരാണ് മതത്തെ ഉൾക്കൊള്ളുന്നത്. ചിന്മയ മിഷനിലെ സ്വാമി അഭയാനന്ദ ദീപം തെളിച്ചു. ഹിന്ദു മതത്തെ ഒരുമിപ്പിച്ച് നിറുത്താൻ ഗുരുക്കൻമാരും ആശ്രമങ്ങളും ഒന്നായി നിൽക്കണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ പദ്മന ആശ്രമം സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു. ഡോ.എൻ.ആർ.മധു, കുമ്മനം രാജശേഖരൻ, ആചാര്യ കെ.ആർ.മനോജ്, എം.ഗോപാൽ, വടയാർ സുനിൽ,കെ.രാജശേഖരൻ, എം.മഹേഷ്, ആര്യനാട് സുഗതൻ എന്നിവർ സംസാരിച്ചു. സമ്മേളത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സ്വാമി അഭയാനന്ദയുടെ ഗീതാ പ്രഭാഷണം, ഭാരതീയ വിചാര കേന്ദ്രം മുൻ ഡയറക്ടറായിരുന്ന പി.പരമേശ്വരൻ രചിച്ച ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ച, ഭാരതീയ സാഹിത്യവും ആത്മീയതയും എന്ന വിഷയത്തിൽ സെമിനാറും നടന്നു. ഇന്ന് വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം ഗുരുവായൂർ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.