
ജീവരക്തത്തിൽ സംഗീതമധുരമായി പ്രകൃതിയും ദൈവവും അലിഞ്ഞുചേർന്നിരിക്കുന്നു എന്ന് പറയാറുണ്ട്. ഒട്ടും ദോഷാംശമില്ലാത്തതും പുണ്യം കലർന്നതുമായ ഈ മധുരം മനുഷ്യമനസിൽ നന്മയും സ്നേഹവും ഉണർത്തുന്നു. കണ്ണുകളടച്ച് സംഗീതം ആസ്വദിക്കുമ്പോൾ നാം കാണുന്നത് പ്രകൃതിയെയും ദൈവത്തെയും തന്നെ. താരാട്ടുപാട്ടുമുതൽ അന്ത്യഗാനം വരെ സംഗീതവും പാട്ടും മനുഷ്യജന്മത്തെ പിന്തുടരുന്നു. ഹൃദയസ്പന്ദനം പോലെ അവിഭാജ്യമാണ് സംഗീതവും.
തലമുറകൾ മാറിക്കൊണ്ടിരിക്കുമ്പോഴും ഈ നൂറ്റാണ്ട് മലയാളത്തിന് സമ്മാനിച്ച അമൂല്യവരദാനമാണ് യേശുദാസ്. ആ സമ്മാനം മലയാളിക്കു മാത്രമല്ല സംഗീതാസ്വാദകർക്കാകെ അവകാശപ്പെട്ടതുമാണ്. ഒരർത്ഥത്തിൽ ലോകത്തിനു മുന്നിൽ മലയാളിയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് യേശുദാസ്. ആ ഗന്ധർവനാദത്തെ ഒരിക്കലെങ്കിലും അനുകരിക്കാൻ ശ്രമിക്കാത്തവരുണ്ടാകില്ല. ആ ശ്രമം പരാജയപ്പെടുമ്പോൾ അത് ആരാധനയായി മാറുന്നു. ഗാനഗന്ധർവനായ യേശുദാസിന് ലക്ഷക്കണക്കിന് നിശബ്ദരായ ആരാധകരുണ്ടായത് അങ്ങനെയാണ്.
കേരം തിങ്ങും നാടെന്നതിനപ്പുറം യേശുദാസിന്റെ ഗാനങ്ങൾ നിറയുന്ന നാടെന്ന വിശേഷണവും കേരളത്തിന് ചേരും. കാരണം മലയാളിയുടെ ഭാവരസങ്ങളിലെല്ലാം ഇന്ന് ശതാഭിഷിക്‌തനാകുന്ന യേശുദാസിന്റെ സ്വരവുമുണ്ട്. നമ്മുടെ ഭക്തിയിലും സന്തോഷത്തിലും പ്രണയത്തിലും വിരഹത്തിലും ശോകത്തിലും ആ ഗാനങ്ങൾ ഒപ്പമുണ്ട്.
ആറ് ദശാബ്ദങ്ങളിലധികമായി ചിറകടിച്ചുപറക്കുന്ന യേശുദാസ് നമുക്ക് ഒരു ഗായകൻ മാത്രമല്ല. കേരളം ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതുമായ നിരവധി സങ്കല്പങ്ങളുടെ നാദമൂർത്തി കൂടിയാണ്. യുഗപുരുഷനായ ശ്രീനാരായണ ഗുരുവിന്റെ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്" എന്ന മഹാസൂക്തം ആലപിച്ചുകൊണ്ടായിരുന്നു യേശുദാസിന്റെ വിജയസോപാനത്തിലേക്കുള്ള പ്രവേശം. ആ വരികളുടെ അനുഗ്രഹാശിസുപോലെ ആത്യപൂർവമായ ആ ശബ്ദമാധുര്യം കേരളം കീഴടക്കി. ജാതിമതഭേദമെന്യേ ലക്ഷക്കണക്കിന് ഹൃദയങ്ങൾ കീഴടക്കി. വിദേശ ഭാഷകൾ ഉൾപ്പെടെ അരലക്ഷത്തിലധികം ഗാനങ്ങൾ ആലപിച്ച മഹാഗായകൻ. ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും അദ്ദേഹം പാടിയ ഗാനങ്ങൾ ഹിറ്റായി. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അടക്കമുള്ള വിവിധ ബഹുമതികൾ ലഭിച്ചു.
സ്വരത്തിൽ ഈശ്വരന്റെ വരദാനം ലഭിച്ചെങ്കിലും സംഗീതജീവിതത്തിന്റെ തുടക്കത്തിൽ കഷ്ടപ്പാടുകളും അവഗണനകളും ഏറെയായിരുന്നു. സംഗീതവും കലകളും ചിലരുടെ കുത്തകയായിരുന്ന കാലത്ത് കഠിനാദ്ധ്വാനവും സഹനവും കൊണ്ട് അതിനെയെല്ലാം അതിജീവിക്കാൻ യേശുദാസിന് കഴിഞ്ഞു. ഏതുരംഗത്തും ഉയരാനും വിജയിക്കാനും ആഗ്രഹിക്കുന്നവർക്കെല്ലാം എക്കാലവും ഒരു മാതൃകയാണ് യേശുദാസ്.
അമേരിക്കയിൽ വസിക്കുന്ന അദ്ദേഹം കൊവിഡിനു ശേഷം കേരളത്തിൽ വന്നിട്ടില്ല. എങ്കിലും മലയാളിക്ക് അതനുഭവപ്പെട്ടിട്ടില്ല. കാരണം നിത്യവും അദ്ദേഹത്തിന്റെ ഗാനങ്ങൾ വീടുകളിലും നാടാകെയും നാം കേട്ടുകൊണ്ടിരിക്കുന്നു. ആ ഗാനങ്ങളിലൂടെ യേശുദാസ് കൈയെത്തും ദൂരത്തുള്ളതുപോലെ തോന്നും. മൂകാംബിക ഭക്തനും അയ്യപ്പഭക്തനും ശ്രീകൃഷ്ണഭക്തനുമാണ് യേശുദാസ്. ഗുരുദേവൻ പറഞ്ഞതുപോലെ എല്ലാ മതങ്ങളുടെയും സാരം ഈ ഗായകൻ ഉൾക്കൊണ്ടിട്ടുണ്ട്. എല്ലാ മതങ്ങളുടെയും ഭക്തിഗാനങ്ങൾ പാടാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. യേശുദാസിന്റെ
സ്വരം പ്രവേശിക്കാത്ത ദേവാലയങ്ങളില്ല. എങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ തികഞ്ഞ ദൈവവിശ്വാസിയായ അദ്ദേഹത്തിനു ഇതുവരെ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. അത് തിരുത്തപ്പെടേണ്ട ആചാരങ്ങളുടെ ഒരു പോരായ്മ മാത്രം.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സൗന്ദര്യവും സൗഭാഗ്യവും സ്വരത്തിൽ ലഭിച്ച ഈ ഗന്ധർവഗായകന് കേരളകൗമുദിയുടെയും ആരാധകരുടെയും ശതാഭിഷേക ആശംസകൾ നേരുന്നു.