
നെയാറ്റിൻകര : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാകുന്ന കെ- സ്മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജ്‌മെന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) പദ്ധതിക്ക് നെയ്യാറ്റിൻകര നഗരസഭയിലും തുടക്കമായി.ആദ്യഘട്ടമായി ജനുവരി 1 മുതൽ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും കെ -സ്മാർട്ട് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നെയ്യാറ്റിൻകര നഗരസഭയിലും പദ്ധതി നടപ്പാക്കിയത്. നഗരസഭ ചെയർമാൻ പി. കെ .രാജമോഹനൻ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭാ സെക്രട്ടറി സാനന്ദ സിംഗ്,സൂപ്രണ്ട് മാരായ പ്രബീൺ, പ്രദീപ്, ക്ലീൻ സിറ്റി മാനേജർ ബി.ടി സുരേഷ് കുമാർ, വിവിധ വിഭാഗത്തിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു. ആദ്യഘട്ടത്തിൽ ജനന-മരണ, വിവാഹ രജിസ്‌ട്രേഷൻ, വ്യാപാര- വ്യവസായ ലൈസൻസ്,വസ്തു നികുതി,യൂസർ മാനേജ്‌മെന്റ്, ഫയൽ മാനേജ്‌മെന്റ്, ഫിനാൻസ് മോഡ്യൂൾ, കെട്ടിട നിർമ്മണ അനുമതി,പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളായിരിക്കും നടപ്പിലാക്കുക.