
കൊല്ലം നഗരത്തെ അഞ്ചുനാൾ ഉത്സവാഘോഷത്തിൽ മനം കുളിർപ്പിച്ച സംസ്ഥാന സ്‌കൂൾ കലോത്സവം തിങ്കളാഴ്ച സമാപിച്ചത് കണ്ണൂർ ജില്ല സ്വർണക്കപ്പ് നേടുന്നതു കണ്ടുകൊണ്ടാണ്. അവസാന മണിക്കൂറുകൾ വരെ കപ്പിനായി പോരാടിയ കോഴിക്കോടിന് ഇക്കുറി രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഇരുപത്തിഒന്നാം തവണയും കലാകിരീടത്തിൽ മുത്തമിടാൻ വേണ്ടി വീറോടെ മത്സരിച്ച അവർക്ക് വെറും മൂന്നു പോയിന്റിന്റെ വ്യത്യാസത്തിലാണ് അതു നഷ്ടമായത്. ഒന്നാമതെത്തിയ കണ്ണൂരിന്റെ നാലാം കപ്പ് നേട്ടമാണിത്. സമീപകാലത്തു നടന്ന സ്‌കൂൾ കലോത്സവങ്ങളിൽ വച്ച് പലതുകൊണ്ടും തിളക്കമേറിയ കൗമാരകലാമേളയായിരുന്നു കൊല്ലത്തേത്. സംഘാടക മികവിലും ഒരുപടി മുന്നിൽത്തന്നെയായിരുന്നു. ആക്ഷേപങ്ങളും പരാതികളും താരതമ്യേന വളരെ കുറവായിരുന്നു. കലാമേളകളോടുള്ള കൊല്ലത്തുകാർക്കുള്ള ഒടുങ്ങാത്ത ആവേശം പൂർണതോതിൽ പ്രകടമായിരുന്നു. മത്സരവേദികളിൽ കാണാനായ ജനസഞ്ചയം ഉദാത്ത മാതൃക തന്നെയാണ്. അലോസരങ്ങളൊന്നും കൂടാതെ ചിട്ടയോടും കൃത്യതയോടും കൂടി മത്സരങ്ങൾക്കു വേദി ഒരുക്കിയ സംഘടനാപാടവം സ്തുത്യർഹം തന്നെയാണ്. മേള വൻ വിജയമാക്കുന്നതിന് രാപകൽ ഒപ്പം നിന്ന മന്ത്രിമാരും ജനപ്രതിനിധികളും അദ്ധ്യാപകരും പൊതുപ്രവർത്തകരും ഉൾപ്പെട്ട സമിതിക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ് കൊല്ലം കലോത്സവമെന്ന് നിസ്സംശയം പറയാം. ഇതു സാദ്ധ്യമാക്കിയ അരങ്ങത്തും അണിയറയിലും അഹോരാത്രം പ്രവർത്തിച്ച മുഴുവൻ പേരെയും ഹാർദ്ദമായി അഭിനന്ദിക്കുന്നു.
ഇരുപത്തിനാലു വേദികളിലായി നടന്ന വിവിധ മത്സരങ്ങളിൽ പതിനയ്യായിരം കുട്ടികളാണ് പങ്കെടുത്തത്. പതിവുപോലെ അപ്പീൽ പ്രളയം ഇക്കുറിയും പല മത്സരങ്ങളും നീണ്ടുപോകാൻ കാരണമായി. അപ്പീലുകളുടെ വേലിയേറ്റം നിയന്ത്രിക്കാനുള്ള വഴികൾ കണ്ടെത്തേണ്ടിവരുമെന്ന വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം ശ്രദ്ധേയമാണ്. അടുത്ത വർഷം മുതൽ പരിഷ്കരിച്ച മാന്വൽ പ്രകാരമാകും കലോത്സവമെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. നല്ല നീക്കമാണത്. എന്നാൽ കലാവാസനയുള്ള കുട്ടികൾക്കായി മാത്രം സ്പോർട്സ് സ്‌കൂൾ മാതൃകയിൽ മോഡൽ സ്‌കൂളുകൾ തുടങ്ങുമെന്ന പ്രഖ്യാപനം എത്രത്തോളം പ്രായോഗികമാകുമെന്ന് നന്നായി ആലോചിക്കണം. സാധാരണക്കാരായ കുട്ടികൾക്ക് കലാമത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്നുണ്ട്. അങ്ങനെയുള്ള കുട്ടികൾക്ക് ആവശ്യമായ സഹായവും പിന്തുണയും സർക്കാരിനു നൽകാവുന്നതേയുള്ളൂ. നൃത്ത ഇനങ്ങളാണ് സാധാരണ കുട്ടികളെ പിന്നോട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നത്. വളരെയധികം ചെലവേറിയ മത്സര ഇനങ്ങളാണിത്. വേഷവിധാനങ്ങളും പക്കമേളവുമൊക്കെ ധാരാളം പണച്ചെലവുള്ള ഏർപ്പാടാണ്. അരങ്ങിൽ ശോഭിക്കാൻ ഇതൊക്കെ അനിവാര്യമാണുതാനും. നൃത്ത ഇനങ്ങളിൽ നല്ല അഭിരുചിയുള്ള കുട്ടികളെ ഏതെല്ലാം തരത്തിൽ സഹായിക്കാനാവുമെന്ന് സർക്കാർ പരിശോധിക്കണം. ഈ രംഗത്തെ വിദഗ്ദ്ധന്മാരുമായി കൂടിയാലോചിച്ച് അതിനുള്ള മാർഗം കണ്ടെത്താവുന്നതേയുള്ളൂ.
മത്സര ഇനങ്ങളുടെ പെരുപ്പമാണ് മറ്റൊരു പ്രശ്നം. വേദികളിലെത്തുന്ന പല ഇനങ്ങളും കലോത്സവത്തിനുവേണ്ടി മാത്രം ആയസ്സുള്ളവയാണ്. ശരിയായ വിധി നിർണയം പോലും അസാദ്ധ്യമാക്കുന്ന മത്സര ഇനങ്ങളും കൂട്ടത്തിലുണ്ട്. ടീമുകൾക്കു പോയിന്റ് നില കൂട്ടാൻ വേണ്ടിയാകരുത് മത്സര ഇനങ്ങൾ. കലോത്സവം കഴിഞ്ഞാൽ ഇത്തരം കലകളെക്കുറിച്ച് ഓർക്കുകപോലുമില്ലെന്നതാണ് യാഥാർത്ഥ്യം. കുട്ടികളുടെ കലാവാസന പുറത്തുകൊണ്ടുവരാനുള്ള വേദികളാകണം കലോത്സവങ്ങൾ. സ്‌കൂൾ തലം തൊട്ടേ അതിനുള്ള സാഹചര്യമൊരുക്കുന്നതിലാകണം അദ്ധ്യാപകരുടെ ശ്രദ്ധ. ഓരോ കുട്ടിയിലും ഒളിഞ്ഞിരിക്കുന്ന കലാവാസന കണ്ടുപിടിക്കാനും ആവശ്യമായ പ്രോത്സാഹനം നൽകി അവരെ വാർത്തെടുക്കാനും അദ്ധ്യാപകർക്കാണു മുഖ്യപങ്ക്. സ‌്‌കൂൾ തലത്തിലെ മത്സരങ്ങൾ പക്ഷപാതരഹിതമായിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനൊക്കെയുള്ള സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രി സമാപന സമ്മേളനത്തിൽ പറഞ്ഞത്. പോയിന്റുകൾക്കും ഗ്രേസ് മാർക്കിനും കാഷ് അവാർഡിനുമപ്പുറം കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാനുള്ള ഉത്തമ വേദികളാകണം ഓരോ കലാമേളയും.