
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സർക്കാരിന്റെ പ്രതിമാസ സഹായധനമായി 30 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ എത്തും. 39 കോടിയാണ് ഡിസംബറിലെ ആദ്യ ഗഡു ശമ്പളം നൽകാൻ വേണ്ടത്. 15നുള്ളിൽ നൽകും.
ഡിസംബറിൽ 240.48 കോടി രൂപ വരുമാനമുണ്ടായിട്ടും ശമ്പളം വൈകിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. മുൻമാസങ്ങളിൽ ശമ്പള വിതരണത്തിനായി എടുത്ത ഓവർഡ്രാഫ്റ്റും വായ്പാ തിരിച്ചടവുകളുമാണ് സാമ്പത്തിക സ്ഥിതി താളം തെറ്റിച്ചതെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞമാസത്തെ വരവുചെലവുകളുടെ വിവരങ്ങൾ ജീവനക്കാരുടെ സംഘടനകൾക്ക് കൈമാറിയിരുന്നു.
കഴിഞ്ഞ മാസവും 121 കോടി രൂപ സർക്കാർ സഹായം നൽകിയിരുന്നു. ഒമ്പത് മാസത്തിനുള്ളിൽ 1,380 കോടിയാണ് നൽകിയത്. ഈ വർഷത്തെ ബഡ്ജറ്റിൽ വകയിരുത്തിയത് 900 കോടിയാണ്. രണ്ടാം പിണറായി സർക്കാർ 5,084 കോടിയും ഒന്നാം പിണറായി സർക്കാർ 4,936 കോടിയും നൽകി.