nayagra

തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ ഭാഗമായ എംബസി ടോറസ് ടെക്‌സോണിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ ആദ്യ ഓഫീസ് കെട്ടിടം 'നയാഗ്ര' ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ടെക്നോപാർക്ക് മൂന്നാം ഫേസിൽ 11.45 ഏക്കർ സ്ഥലമാണ് ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്സും എംബസി ഗ്രൂപ്പും ചേർന്നുള്ള ടോറസ് ടെക്‌സോണിന് നൽകിയത്. 50 ലക്ഷം ചതുരശ്ര അടിയിലാണ് ടോറസ് ഡൗൺടൗൺ പദ്ധതി നടപ്പാക്കുക. അതിന്റെ ഭാഗമായി നിർമ്മിച്ച ആദ്യസമുച്ചയമാണ് 15 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള നയാഗ്ര. 13 നിലകളുണ്ട്. ആറ് നിലകളിലായി പത്തുലക്ഷം ചതുരശ്ര അടി സ്ഥലത്ത് ലോകപ്രശസ്ത ഐ.ടി കമ്പനികളടക്കം ദീർഘകാല ലീസ് അടിസ്ഥാനത്തിൽ പ്രവർത്തിക്കും. ഇതിൽ 85% സ്ഥലത്തിന്റെയും ലീസിംഗ് പൂർത്തിയായി. ശേഷിക്കുന്ന ഏഴ് നിലകളിൽ 1,350 കാറുകൾക്ക് പാർക്ക് ചെയ്യാം. രണ്ട് ലോബികൾ, ഫുഡ് കോർട്ട്, ശിശുസംരക്ഷണ കേന്ദ്രം, പുറത്തിരുന്നും വർക്ക് ചെയ്യാനാവുന്ന സൗന്ദര്യാത്മക ലാൻഡ് സ്‌കേപ്പുകൾ എന്നിവയുമുണ്ട്.

15 ലക്ഷം ചതുരശ്ര അടിയിൽ രണ്ടാമത്തെ സമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. സെൻട്രം ഷോപ്പിംഗ് മാൾ, നോൺസെസ് ഓഫീസ് കെട്ടിടം, ടോറസ് യോസെമൈറ്റ്, അസറ്റ് ഐഡന്റിറ്റി, ബിസിനസ് ഹോട്ടൽ എന്നിവ ഉൾപ്പെടുന്നതാണ് ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം പദ്ധതി.