
തിരുവനന്തപുരം : തൊഴിലുറപ്പിൽ പണിയെടുത്തെങ്കിലും ഡിജിറ്റൽ ഹാജർ രേഖപ്പെടുത്തിയില്ലെന്ന കാരണം പറഞ്ഞ് കൂലി നിഷേധിച്ച സംഭവത്തിൽ ആദിവാസി തൊഴിലാളികൾക്ക് ഒടുവിൽ നീതി. അഗസ്ത്യവനമേഖലയിലെ 20കുടുംബങ്ങൾക്ക് 2022-2023ൽ 309തൊഴിൽ ദിനങ്ങളിലായി നഷ്ടപ്പെട്ട കൂലി പലിശ സഹിതം 1.10ലക്ഷം രൂപ അക്കൗണ്ടുകളിലേക്ക് നൽകിത്തുടങ്ങി. ഇന്റർനെറ്റ് സംവിധാനം ലഭ്യമല്ലാത്ത വനമേഖലയിലെ ആദിവാസികളുടെ ഡിജിറ്റൽ ഹാജരിന്റെ പ്രശ്നം പരിഹരിക്കുന്നതിൽ വീഴ്ചവരുത്തിയ പഞ്ചായത്തിലെ തൊഴിലുറപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കിയാണ് നൽകിയത്.
തിരുവനന്തപുരം കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ചെറുമാങ്കൽ, എറുമ്പിയാട്,ആയിരംകാൽ,ആമല,പട്ടാണിപ്പാറ,ആമോട്,കമലകം സെറ്റിൽമെന്റുകളിലുള്ള തൊഴിലാളികൾ കൂലി നഷ്ടമായതോടെ പ്രതിസന്ധിയിലായെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ റിപ്പോർട്ട് തേടി, ഹിയറിംഗ് നടത്തി വീഴ്ച കണ്ടെത്തി. തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകാൻ ഉത്തരവിട്ടെങ്കിലും പഞ്ചായത്തും ബന്ധപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരെ സംരക്ഷിക്കാനായി ഉത്തരവ് അട്ടിമറിച്ചു. പട്ടികജാതി പട്ടികവർഗ ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കമ്മിഷന്റെ അന്വേഷണത്തിലും ഉദ്യോഗസ്ഥ വീഴ്ച വ്യക്തമായി. അടിയന്തരമായി കൂലി പിഴസഹിതം നൽകണമെന്ന് കമ്മിഷൻ ഉത്തരവിട്ടു. തുടർന്നാണ് ജീവനക്കാരിൽ നിന്ന് പണം ഈടാക്കി നൽകാൻ നടപടിയായത്.
കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പു വിഭാഗം അക്രഡിറ്റഡ് എൻജിനിയർ, ഓവർസിയർ എന്നിവരിൽ നിന്ന് 48,348 രൂപയും
അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റിൽ നിന്നു 13,365 രൂപയുമാണ് ഈടാക്കിയത്. കൂട്ടുത്തരവാദിത്വമുള്ള
തൊഴിലുറപ്പ് മിഷന്റെ ജില്ലാ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥനെ നടപടികളിൽ നിന്ന് ഒഴിവാക്കിയെന്ന് ആക്ഷേപമുണ്ട്.
ആദിവാസികൾക്കൊപ്പം
ആറുമാസം കേരളകൗമുദി
കഴിഞ്ഞ വർഷം ജൂലായ് 10നാണ് ആദിവാസികളുടെ പ്രശ്നം കേരളകൗമുദി പുറത്തുകൊണ്ടുവന്നത്. തുടർന്നുള്ള ആറുമാസത്തിനിടെ അഞ്ചു വാർത്തകളും കേരളകൗമുദി നൽകി. ഈ ഇടപെടൽ 20കുടുംബങ്ങൾക്ക് ആശ്വാസമായി. ഓംബുഡ്സ്മാന്റെയും പട്ടികജാതി പട്ടികവർഗ ഗോത്രവർഗ കമ്മിഷന്റെയും റിപ്പോർട്ടുകളിലും കേരളകൗമുദിയുടെ ഇടപെടൽ പരാമർശിക്കുന്നുണ്ട്.