loan

തിരുവനന്തപുരം: ദേശീയ സഹകരണ നയം ഈ മാസം പ്രഖ്യാപിച്ചേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഹകരണ വകുപ്പ് ഏറ്റെടുത്തതിന് ശേഷം ആദ്യമായി വരുന്ന നയം വഴി സംസ്ഥാനങ്ങളുടെ കൈയ്യിലുള്ള സഹകരണവും കേന്ദ്രം കൈപ്പിടിയിലാക്കുമോ എന്നാണ് ആശങ്ക.

മുൻകേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ദേശീയ സഹകരണ നയത്തിന്റെ കരട് തയ്യാറാക്കിയത്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും സമൂഹത്തിലെ എല്ലാവിഭാഗത്തിനും ഗുണം കിട്ടാനും സഹകരണ മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.നബാർഡിന്റെ മാതൃകയിൽ റിസർവ്വ് ബാങ്ക് ലൈസൻസോടെ ദേശീയ സഹകരണ ബാങ്ക് രൂപീകരിക്കും.

63000 പ്രാഥമിക കാർഷികവായ്പ സഹകരണ സംഘങ്ങൾക്ക് (പാക്സ്) ഫണ്ട് നൽകാൻ വ്യവസ്ഥയുണ്ടാകും. 2024 മുതൽ ഇത് നടപ്പാക്കും. 25 വർഷത്തെ വികസനം മുന്നിൽക്കണ്ടുള്ള നടപടികൾ നയത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. ദേശീയ സഹകരണ സർവകലാശാല, റിക്രൂട്ട്മെന്റ് ബോർഡ്, ഓഡിറ്റ് ആൻഡ് അക്കൗണ്ടിംഗ് ബോർഡ്, കയറ്റുമതിക്കുള്ള മൾട്ടി സ്റ്റേറ്റ് സഹകരണ സംഘം, ദേശീയ സഹകരണ ട്രിബ്യൂണൽ എന്നിവയും നയത്തിന്റെ ഭാഗമാണ്.

അന്തർ സംസ്ഥാന സഹകരണ സംഘങ്ങൾ രൂപീകരിക്കാനും അതിനു നിയമ നിർമ്മാണം നടത്താനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണ് ദേശീയ സഹകരണ നയത്തിലെ പല നിർദ്ദേശങ്ങളും. സഹകരണം സംസ്ഥാന വിഷയമാണെന്നും കേന്ദ്രത്തിന് ഇടപെടാനാവില്ലെന്നുമുള്ള സുപ്രീംകോടതി വിധി ആശ്വാസകരമാണെങ്കിലും, നിലവിലെ മൾട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി ആക്ടിൽ ഭേദഗതി വരുത്താനുള്ള ശ്രമം കേന്ദ്രസർക്കാർ നടത്തിയേക്കും. ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഒാർഗനൈസേഷൻ, സ്റ്റാർട്ട് അപ്പുകൾ എന്നിവ വഴി അന്തർസംസ്ഥാന സഹകരണസംഘങ്ങൾ രൂപീകരിക്കാനാണ് നീക്കം.

 നബാർഡ് വഴിയും സഹകരണ വായ്പ

നബാർഡ് വഴിയും മറ്റുമുള്ള കേന്ദ്ര സഹകരണ വായ്പാപദ്ധതികൾക്കായി തയ്യാറാക്കുന്ന സമഗ്ര സഹകരണ ഡേറ്റാബേസിലേക്ക് പ്രാഥമിക സഹകരണ സംഘങ്ങളുടെ വിവരം തേടിയിട്ടുണ്ട്. സഹകരണ രജിസ്ട്രാർമാർ മുഖേനയാണിത്. കാർഷിക,അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്കായി നബാർഡ് വഴി കൈമാറിക്കിട്ടുന്ന കേന്ദ്രവായ്പാ ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ നേരിട്ട് വിതരണം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. നിലവിൽ റിസർവ് ബാങ്ക് വഴിയാണ് നബാർഡ് പദ്ധതികളുടെ വിതരണം. ഡേറ്റാ ബേസിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ധനസഹായം കിട്ടൂ എന്ന സ്ഥിതിയാകും. കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ ആശങ്കയുള്ളത് കൊണ്ട് കേരളം ഡാറ്റാബേസ് കൈമാറിയിട്ടില്ല.