
ആറ്റിങ്ങൽ: നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയ പാതയിലെ രാമച്ചംവിളയിൽ വാഹനയാത്ര ദുഃസഹം. മാമത്ത് നിന്നാരംഭിക്കുന്ന ബൈപ്പാസ് റോഡിലെ രാമച്ചംവിള മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി റോഡ് അടച്ച് വാഹനങ്ങൾ വഴി തിരിച്ചു വിടാൻ തുടങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞു. മേൽപ്പാലം നിർമ്മിക്കാനുള്ള സ്ഥലത്തിനിരുവശങ്ങളിലും ഇരുപത് അടിയിലധികം താഴ്ചയിൽ മണ്ണെടുത്തെങ്കിലും പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. നിർദ്ദിഷ്ട സ്ഥലത്തു നിന്ന് മണ്ണിടിച്ച് പൂർണമായി നീക്കം ചെയ്യാതെ പാലത്തിന്റെ പണികൾ ആരംഭിക്കാനും കഴിയില്ല. എന്നാൽ തിരക്കേറിയ ശാർക്കര - ചിറയിൻകീഴ് - ആറ്റിങ്ങൽ റോഡിൽ നിത്യവും നൂറു കണക്കിന് വാഹനങ്ങൾക്ക് കടന്നുപോകാൻ ചെറിയ റോഡാണ് പാലത്തിനിരുവശങ്ങളിലും അധികൃതർ ഒരുക്കിയിരിക്കുന്നത്. പോകുന്നതിനും തിരിച്ചുവരുന്നതിനുമായി യു ആകൃതിയിൽ രണ്ട് റോഡുകൾ താത്കാലികമായി നിർമ്മിച്ചെങ്കിലും വീതി കുറഞ്ഞ റോഡ് അപകടകരമെന്നാണ് പരക്കെയുള്ള വിലയിരുത്തൽ. വീതി കുറഞ്ഞ റോഡിൽ ഒരു വശത്ത് താത്കാലിക കമ്പിവേലിയും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കമ്പിവേലി കഴിഞ്ഞാൽ ബൈപ്പാസിനെടുത്ത ആഴമുള്ള കുഴിയാണ്. ചെറിയ റോഡിൽ ഒരു നിമിഷം ശ്രദ്ധ മാറിയാൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് കുഴിയിൽ ചാടുമെന്ന് ഉറപ്പാണ്.
മണ്ണിടിച്ചിലും ആരംഭിച്ചു
ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ഇരു താത്കാലിക റോഡിൽ ഒരിടത്തുപോലും തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. ഇത് രാത്രികാല യാത്രയെ ദുസഹവും അപകടകരവുമാക്കുന്നു. ആഴത്തിൽ മണ്ണെടുത്ത് കൈവരികൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ, വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള കുലുക്കത്തിൽ മണ്ണിടിച്ചിലും ഇതിനകം ആരംഭിച്ചിട്ടുണ്ട്. വേനൽമഴ തുടർന്നാൽ മണ്ണിടിച്ചിൽ വ്യാപകമാകുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ശാർക്കര ക്ഷേത്രത്തിലെത്താനുള്ള പ്രധാന റോഡ് കൂടിയാണിത്. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതോടെ ഇതു വഴിയുള്ള യാത്രക്കാരുടെ ആശങ്കയും വർദ്ധിക്കുകയാണ്.