
മണ്ണാർക്കാട്: വടക്കുമണ്ണത്ത് പത്തുലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്ന ശേഖരവുമായി ആണ്ടിപ്പാടം മംഗലംതൊടി സെയ്തിനെ (43) പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ കെട്ടിടത്തിലെ വാടക മുറിയിൽ സൂക്ഷിച്ച നിലയിലാണ് നിരോധിത പുകയില ഉല്പന്ന ശേഖരം കണ്ടെത്തിയത്. 46 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.
സെയ്ത് നെല്ലിപ്പുഴയിലെ പലചരക്ക് കച്ചവടക്കാരനാണ്. പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. മണ്ണാർക്കാടും പരിസരത്തും വില്പന നടത്തുന്നതിനാണ് ഇവ എത്തിച്ചതെന്ന് പൊലീസിനോട് ഇയാൾ സമ്മതിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് പ്രധാനമായും വില്പന. എസ്.ഐ.മാരായ വി.വിവേക്, സി.എ.സാദത്ത്, പൊലീസുകാരായ അഷ്‌റഫ്, കെ.വിനോദ് കുമാർ, ഷാഫി, ഷെഫീഖ് എന്നിവരാണ് പരിശോധന നടത്തിയത്.