തിരുവനന്തപുരം : പേട്ട കല്ലുംമൂട് ശ്രീപഞ്ചമിദേവി ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ 2024 ലെ പഞ്ചമിദേവി പുരസ്‌കാരം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്. അൻപതിനായിരം രൂപയും ആർട്ടിസ്റ്ര് ദേവദാസ് രൂപകൽപ്പന ചെയ്ത വാഗ്‌ദേവതയുടെ ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
അശ്വതി മഹോത്സവത്തിന്റെ ഒന്നാംദിവസമായ 13ന് വൈകിട്ട് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് സി.കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രസ്റ്റ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ 13ന് രാത്രി 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും. തിരുവിതാംകൂർ ദേവസ്വംബോർഡ് സ്ഥപതി കെ.മുരളീധരൻ നായർ പ്രശംസാപത്രം സമർപ്പിക്കും. ഗാനനിരൂപകൻ ടി.പി. ശാസ്തമംഗലം ശ്രീകുമാരൻ തമ്പിയെ പരിചയപ്പെടുത്തും.
മുൻമന്ത്രി പന്തളം സുധാകരൻ അക്കാഡമിക് മികവിനുള്ള പുരസ്‌കാര വിതരണവും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് ഒരുകൈ സഹായം പദ്ധതിയുടെ വിതരണവും നിർവഹിക്കും. ട്രസ്റ്ര് വൈസ് പ്രസിഡന്റ് വി.ബാബു, സെക്രട്ടറി കെ.ശശിധരൻ, ജോയിന്റ് സെക്രട്ടറി ആർ.രാജീവ്,ഖജാൻജി ആർ. മുകുന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.