തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന പൊലീസ് രാജിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.
അധികാര മുഷ്ക്കിലും ധാർഷ്ട്യത്തിലും അഭിരമിച്ച് ജീവിക്കുന്ന ഒരു മുഖ്യമന്ത്രിയുടെയും അയാളുടെ ഓഫീസിലെ കാക്കിയിടാത്ത അഭിനവ ഡി.ജി.പിയുടെയും പകൽ സ്വപ്നത്തിൽ നിന്ന് ഉരുത്തിരിഞ്ഞ നടപടിയാണിത്. പതിവ് വകുപ്പുകൾക്ക് അപ്പുറത്തേക്ക് ഒന്നുമില്ലാത്ത ഈ കേസിൽ എന്താടിസ്ഥാനത്തിലാണ് പുലർച്ചെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്?. ജനകീയ സമരങ്ങളിൽ പങ്കെടുക്കുന്ന പൊതുപ്രവർത്തകരെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നത് ഫാസിസ്റ്റ് നടപടിയാണ്. ഒരുപാട് പൊലീസ് നരയാട്ട് കണ്ട പ്രസ്ഥാനമാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രിയുടെ ഇത്തരം ഉത്തരവുകൾ അതേപടി നടപ്പിലാക്കാൻ പുറപ്പെടുന്ന പൊലീസ് ഏമാൻമാർ വിസ്മരിക്കരുത്. രാഷ്ട്രീയമായും നിയമപരമായും രാഹുലിനോടൊപ്പം കോൺഗ്രസ് അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായിയെ ഡൽഹിയിലും കരിങ്കൊടി കാണിക്കും: ബി.വി. ശ്രീനിവാസൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡൽഹിയിലും കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങും. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വതന്ത്രമായി നടക്കാമെന്ന് കരുതണ്ട. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ നിർദ്ദേശ പ്രകാരമാണ് രാഹുലിന്റെ അറസ്റ്റ്. പിണറായിയാണോ ശശിയാണോ മുഖ്യമന്ത്രിയെന്ന് സി.പി.എം വ്യക്തമാക്കണം. യൂത്ത് കോൺഗ്രസ് പ്രസിഡന്റായത് മുതൽ രാഹുലിനെ വേട്ടയാടുകയാണ്. അതേസമയം ആർ.എസ്.എസ് ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുകയാണെന്നും ശ്രീനിവാസൻ ആരോപിച്ചു.
പൊലീസിന്റേത് കിരാത നടപടി: കെ. സുധാകരൻ
യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ നാടകീയമായ അറസ്റ്റ് സർ സി.പിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പി പറഞ്ഞു. മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് പ്രവർത്തിക്കുന്നത്. രാഹുലിനെ കരിച്ചുകളയാമെന്ന് പിണറായി വിജയൻ കരുതുന്നുണ്ടെങ്കിൽ ആ പരിപ്പ് ഇവിടെ വേവില്ലെന്നും കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനായ രാഹുൽ ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന പൊതുപ്രവർത്തകനാണ്. ക്രിമിനൽ കേസിലെ പ്രതികളെ പിടികൂടുന്നതുപോലെ വീടുകയറി വളഞ്ഞിട്ട് പിടികൂടേണ്ട ഒരു സാഹചര്യവുമില്ല. സി.പി.എമ്മും പൊലീസും ചേർന്നുള്ള ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ഈ നാടകമെന്നും സുധാകരൻ പറഞ്ഞു.
പൊലീസ് സർക്കാരിന്റെ ചട്ടുകമായി മാറി: ചെന്നിത്തല
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വെളുപ്പിന് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത് പിണറായി വിജയൻ നേതൃത്വം നൽകുന്ന പൊലീസിന്റെ ഭരണകൂട ഭീകരതയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. പൊലീസ് സർക്കാരിന്റെ ചട്ടുകമായി മാറി. പൊതുപ്രവർത്തകരോട് കാണിക്കേണ്ട സാമാന്യ മര്യാദ കാട്ടിയില്ല. വെളുപ്പിന് വീട്ടിൽ നിന്നും അറസ്റ്റുചെയ്യാൻ മാത്രം എന്ത് അടിയന്തര സാഹചര്യമാണുണ്ടായത്. പിണറായി വിജയനെതിരെ പ്രതിഷേധിച്ചാൽ എന്തും ചെയ്യാമെന്നുള്ള ധിക്കാരമാണ് പൊലീസിന്. ഇത് അംഗീകരിക്കാനാകില്ല.
രാഹുലിന്റെ അറസ്റ്റ് പ്രതിഷേധാർഹം: ഹസൻ
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സി.പി.എം ക്രിമിനലുകൾക്ക് പട്ടും വളയും നൽകിയും പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി നൽകിയും ആദരിച്ചയാളാണ് മുഖ്യമന്ത്രി. പ്രതികാര ദാഹിയായ രക്തരക്ഷസിനെപ്പോലെയാണ് മുഖ്യമന്ത്രി പ്രതിപക്ഷനേതാക്കൾക്കെതിരെ തിരിയുന്നത്. ഓലപ്പാമ്പ് കണ്ടാൽ പേടിക്കുന്ന പ്രസ്ഥാനമല്ല കോൺഗ്രസും യൂത്ത് കോൺഗ്രസെന്നും വരും ദിവസങ്ങളിൽ മുഖ്യമന്ത്രിക്കും പൊലീസിനും ബോധ്യപ്പെടുമെന്നും ഹസ്സൻ മുന്നറിയിപ്പ് നൽകി.