ldf

തിരുവനന്തപുരം; നിയമസഭ പാസാക്കിയ ഭൂ നിയമ ഭേദഗതി ബില്ലിൽ ഒപ്പു വയ്‌ക്കാത്ത ഗവർണറുടെ നടപടിക്കെതിരെ എൽ.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തി.'ഇടുക്കിയിലെ ജനങ്ങൾ രാജ്ഭവനിലേക്ക്' എന്ന മുദ്രാവാക്യമുയർത്തി ഇടുക്കി ജില്ലയിൽ ഹർത്താലാചരിച്ച് നടത്തിയ മാർച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു .

ഹിന്ദുത്വ ശക്തിയാണ് ഗവർണറെ നയിക്കുന്നതെന്നും ഭരണഘടനാ പദവിയിലിരുന്ന് എന്തു തോന്ന്യാസവും കാണിക്കാമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയാണ് ഗവർണറെ ബില്ലിൽ ഒപ്പു വയ്ക്കാൻ അനുവദിക്കാത്തത്. ഈ വിഷയത്തിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താൻ കഴിയില്ല.മൂത്ത ആർ.എസ്എസിനെയാണ് ഗവർണറായി നിയമിക്കുന്നത്. ഗവർണർ ഇപ്പോൾ പറയുന്നത് താൻ ഈ ബില്ലിന് എതിരല്ലെന്നാണ്. ബില്ലിൽ ഒപ്പിടുകയോ അല്ലെങ്കിൽ തിരിച്ചയക്കുകയോ വേണം. തിരിച്ചയച്ചാൽ വീണ്ടും നിയമസഭ കൂടി പാസാക്കി അയക്കും. ഗവർണർക്കെതിരെ ഇതുവരെ ഉണ്ടായത് വിദ്യാർത്ഥി പ്രക്ഷോഭമെങ്കിൽ ഇനി മുതൽ സമര രൂപം മാറുകയാണ്. ഗവർണർ ഈ നില തുടർന്നാൽ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ജനകീയ സമരം ഉയർന്നു വരും. സമരം നടത്താൻ ഇടുക്കിയിൽ നിന്നും ജനങ്ങൾ രാജ്ഭവനിലെത്തുമ്പോൾ ഗവർണർ ഇടുക്കിയിലേക്ക് പോകുകയാണ്. മറ്റെവിടെയെങ്കിലും പോയാൽ പോരേ. ഗവർണറുടെ നില വിട്ടിട്ട് മാസങ്ങളായെന്നും ഗോവിന്ദൻ പറഞ്ഞു.

എൽ.ഡി.എഫ് ഇടുക്കി ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ അദ്ധ്യക്ഷനായി .സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി,എം.എൽ.എ മാരായ മാത്യു ടി.തോമസ് , എംഎം.മണി , വി.ജോയി, നേതാക്കളായ എം.സ്റ്റീഫൻ ജോർജ് , വർക്കല രവികുമാർ, ആനാവൂർ നാഗപ്പൻ, എം.വിജയകുമാർ, സലിം കുമാർ, മാങ്കോട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

അണ്ണാക്കിൽ പിണ്ണാക്ക് :

എം.എം.മണി

ഭൂ നിയമ ഭേദഗതി ബില്ലിൽ ഒപ്പു വയ്‌ക്കാത്ത ഗവർണക്കെതിരെ രൂക്ഷ വിമർശനവുമായി എം.എം.മണി എം.എൽ.എ . അണ്ണാക്കിനകത്ത് പിണ്ണാക്ക് തിരുകി വച്ചതു പോലെയാണ് ഗവർണറെന്നും ,കാരണവന്മാർ നൽകിയ പിതൃസ്വത്തൊന്നും എഴുതിത്തരാനല്ല ഇടുക്കിയിലെ ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.ഗവർണറുടെ പേരും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുമായി എന്തെങ്കിലും ബന്ധം കാണുന്നുണ്ടോ?, അതർത്ഥമാക്കുന്നത് എന്തു പണിയും അദ്ദേഹം ചെയ്യുമെന്നാണ് . മര്യാദയ്‌ക്ക് ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ ഇടുക്കിയിലെ പതിനൊന്നേ കാൽ ലക്ഷം ജനങ്ങൾ രാജ്ഭവന് മുന്നിൽ കുടിലു കെട്ടി സമരം തുടങ്ങും. അത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.