ayush

തിരുവനന്തപുരം: സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് എൻ.എ.ബി.എച്ച്.എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിൽ ഉറച്ച ഒരു കർമ്മപദ്ധതി രൂപീകരിക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ഈ അംഗീകാരമെന്നും മന്ത്രി കൂട്ടിച്ചേർത്തു.എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ ഡോക്യുമെന്റേഷനായി രൂപീകരിച്ച ഡോക്യുമെന്റേഷൻ കമ്മിറ്റിയുടെ എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ഇംപ്ലിമെന്റേഷൻ കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു, ആയുഷ് മിഷൻ ഡയറക്ടർ ഡോ.സജിത് ബാബു, ഐ.എസ്.എം വകുപ്പ് ഡയറക്ടർ, ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. ആർ. ജയനാരായണൻ, ഡോ. സജി പി.ആർ. എന്നിവർ പങ്കെടുത്തു.