tharoor

തിരുവനന്തപുരം: കേരള നവോത്ഥാനത്തിന്റെ യഥാർത്ഥ പോരാളിയാണ് ആറാട്ടുപുഴ വേലായുധ പണിക്കരെന്ന് ഡോ.ശശി തരൂർ എം.പി പറഞ്ഞു. അദ്ദേഹത്തിന് ചരിത്രത്തിൽ കൂടുതൽ ഇടം ലഭിക്കേണ്ടതുണ്ടെന്നും തരൂർ പറഞ്ഞു. ആറാട്ടുപുഴ വേലായുധ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 150-ാം രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തരൂർ.

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട ഫെമിനിസ്റ്റായ പുരുഷ നേതാവ് കൂടിയാണ് പണിക്കർ. അശരണർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം നവോത്ഥാനത്തിന് വഴിവെട്ടിയ മഹാനാണ്. കേരളത്തിലെ ആദ്യത്തെ കർഷക സമരത്തിന് നേതൃത്വം നൽകിയതും ആറാട്ടുപുഴ വേലായുധ പണിക്കരാണെന്ന് തരൂർ ചൂണ്ടിക്കാട്ടി.

ഫൗണ്ടേഷൻ ചെയർമാൻ ആലുംമൂട്ടിൽ എം.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ആറാട്ടുപുഴ വേലായുധ പണിക്കരുടെ പേരിലുള്ള പുരസ്കാരം പത്തനാപുരം ഗാന്ധിഭവൻ സ്ഥാപകൻ ഡോ.പുനലൂർ സോമരാജന് നൽകി. 25,​000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി,​ ചരിത്രകാരൻ തിക്കോടി നാരായണൻ,​ സ്വാമി വേദാമൃതാനന്ദപുരി,​ മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഫാ. ഗീവർഗീസ് വലിയചാങ്ങവീട്ടിൽ,​ ഫൗണ്ടേഷൻ ട്രഷറർ ശ്രീദത്തൻ,​ ജോയിന്റ് സെക്രട്ടറി വി.ജി.വിശ്വനാഥൻ ഓതറ,​ ചീഫ് കോ-ഓർഡിനേറ്റർ വിനോദ്കുമാർ വാരണപ്പള്ളിൽ,​ ജനറൽ സെക്രട്ടറി ബി.ജീവൻ,​ സ്വാഗത ​സംഘം ജനറൽ കൺവീനർ കിഷോർ ബാബു,​ യു.എസ്.എ എസ്.എ.എൻ.എ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ശിവദാസൻ ചാന്നാർ,​ ന്യൂഡൽഹി ശ്രീനാരായണ വേൾഡ് കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസ് വൈസ് പ്രസിഡന്റ് എസ്.സുവർണകുമാർ തുടങ്ങിയവർ പങ്കെടുത്തു.