
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായതോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയയുദ്ധത്തിന് വഴിതുറന്നു. ഒരു പകൽമുഴുവൻ നീണ്ട നാടകീയസംഭവങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പൂജപ്പുര ജയിലിലായത്. ഈ മാസം 22 വരെയാണ് റിമാൻഡ്.
യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ നടന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസിൽ നാലാം പ്രതിയാണ് രാഹുൽ. മുഖ്യമന്ത്രിയെ കരിങ്കൊടികാണിച്ച കെ.എസ്.യു പ്രവർത്തകരെ അദ്ദേഹത്തിന്റെ ഗൺമാൻ ഉൾപ്പെടെയുള്ളവർചേർന്ന് തല്ലിച്ചതച്ചത് അടക്കമുള്ള പൊലീസ് നരയാട്ടിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ പൊലീസ് അടൂർ നെല്ലിമുകൾ മുണ്ടപ്പള്ളിയിലെ വീടുവളഞ്ഞാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. അപ്പോൾ തുടങ്ങിയ പ്രതിഷേധവും നാടകീയ സംഭവങ്ങളും രാഹുലിനെ പൂജപ്പുര ജയിലിലെത്തിക്കും വരെ തുടർന്നു. സംസ്ഥവ്യാപകമായി പ്രതിഷേധസമരം ശക്തിപ്പെടുത്താനാണ് കോൺഗ്രസിന്റെ തീരുമാനം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയേറ്റ് മാർച്ച് നടത്തും.
സംസ്ഥാനത്താകെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ പ്രതിഷേധപ്രകടനം നടത്തി. മലപ്പുറത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പത്തനംതിട്ട അടൂരിൽ ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പലയിടങ്ങളിലും പൊലീസും പ്രവർത്തകരുംതമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തി.
ഇന്നലെ സംഭവിച്ചത്
പുലർച്ചെ രണ്ടു പൊലീസ് ജീപ്പുകൾ രാഹുലിന്റെ വീട്ടുമുറ്റത്ത്. കോളിംഗ് ബെൽ ഉണ്ടായിട്ടും മുൻവാതിലിൽ തട്ടി രാഹുൽ എന്ന് മൂന്നു തവണ വിളിച്ചു. അമ്മ ബീനാ കുറുപ്പ് വാതിൽ തുറന്നു. പൊലീസ് സംഘത്തെ കണ്ട് ഭയന്നു. രാഹുലിനെ കാണണമെന്ന് പറഞ്ഞ് പൊലീസ് വീടിനുള്ളിലേക്ക് തള്ളിക്കയറി. രാഹുൽ മുകളിലെ മുറിയിൽ ഉറങ്ങുകയാണെന്ന് പറഞ്ഞപ്പോൾ പൊലീസ് അവിടെയെത്തി. ഉണർന്നു വന്ന രാഹുലിനോട് സെക്രട്ടേറിയറ്റ് മാർച്ചിലെ കേസിൽ അറസ്റ്റുചെയ്യാൻ എത്തിയതാണെന്ന് എസ്.ഐ പറഞ്ഞു. ഒളിവിൽ താമസിക്കുകയല്ലെന്നും ഇരുട്ടത്ത് പിടിച്ചുകൊണ്ടുപോകേണ്ട ആവശ്യമെന്തെന്നും രാഹുൽ ചോദിച്ചു. തർക്കത്തിനൊടുവിൽ രാഹുലിനെ ജീപ്പിൽ കയറ്റി. സംഭവമറിഞ്ഞെത്തിയ കോൺഗ്രസ് പഞ്ചായത്തംഗം മുണ്ടപ്പള്ളി സുഭാഷ് പൊലീസ് ജീപ്പിന് മുന്നിൽ കിടന്നു. സുഭാഷിനെ അറസ്റ്റുചെയ്തു നീക്കി.
രാവിലെ പത്തോടെ കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ച രാഹുലിന് അന്വേഷണ സംഘം നോട്ടീസ് നൽകി. 10.20ഓടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാനായി തുടങ്ങുമ്പോൾ സ്‌റ്റേഷനു മുന്നിൽ പ്രതിഷേധിച്ചവരെ മാറ്റി ഫോർട്ട് ആശുപത്രിയിലെത്തിച്ചു. പരിശോധന പൂർത്തിയാക്കി രാഹുലുമായി മടങ്ങിയ പൊലീസ് ജീപ്പ് പ്രവർത്തകർ തടഞ്ഞു. ഏറെ ബലപ്രയോഗത്തിനുശേഷമാണ് പൊലീസ് രാഹുലിനെ വഞ്ചിയൂർ കോടതിയിലെത്തിച്ചത്.
കേസിൽ ഉച്ചയോടെ വാദം പൂർത്തിയാക്കിയ കോടതി വിധി പറയും മുമ്പ് രാഹുലിനെ വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടുകൂടി പരിഗണിച്ച ശേഷമാണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. റിമാൻഡ് ചെയ്ത രാഹുലിനെയും വഹിച്ചുകൊണ്ടുള്ള പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞു. നേതാക്കളും പൊലീസുമിടപെട്ട് അവരെ മാറ്റിയ ശേഷമാണ് വാഹനം മുന്നോട്ട് പോയത്. ജയിലിലെത്തിക്കുംമുമ്പുള്ള വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴും പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കിയശേഷം രാഹുലിനെ 7.7ന് പൂജപ്പുര ജയിലിൽ എത്തിച്ചു. പുറത്ത് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.
പൊലീസ് പെരുമാറിയത്
ഭീകരവാദിയോടെന്ന
പോലെ: മാതാവ്
അടൂർ: ഭീകരവാദിയെ കൈകാര്യം ചെയ്യുന്നതുപോലെയായിരുന്നു രാഹുലിനോട് പൊലീസ് പെരുമാറിയതെന്ന് മാതാവ് ബീനാ ആർ. കുറുപ്പ് പറഞ്ഞു. രാഹുൽ ആരെയും കൊന്നിട്ട് ഒളിവിലിരിക്കുന്നയാളല്ല. ഇവർക്ക് അറസ്റ്റ് ചെയ്യാനായിരുന്നെങ്കിൽ തിങ്കളാഴ്ച കൊല്ലത്ത് നിന്നുതന്നെ പിടിക്കാമായിരുന്നല്ലോ. വീട് വളഞ്ഞ് കൊണ്ടുപോകേണ്ട കുറ്റം എന്താണ്? കന്റോൺമെന്റ് പൊലീസിന്റെ തൊട്ടടുത്തുള്ള ആശുപത്രിയിലാണ് രാഹുൽ ഒരാഴ്ച കിടന്നത്. അവിടെച്ചെന്ന് എടുത്തുകൊണ്ട് പൊയ്ക്കൂടായിരുന്നോ. കുഞ്ഞുങ്ങളെ പീഡിപ്പിച്ചവരെ പിടിക്കാൻ ഈ ശുഷ്കാാന്തിയൊന്നും പൊലീസ് കാണിക്കുന്നില്ലല്ലോയെന്നും ബീന പറഞ്ഞു.
സഹാേദരി മയങ്ങി വീണു
പുലർച്ചെ മുറിക്കുള്ളിലും പുറത്തും പൊലീസുകാരെ കണ്ട് രാഹുലിന്റെ സഹോദരി രജനി മയങ്ങിവീണു. ഭർത്താവും അമ്മയും ചേർന്ന് കസേരയിൽ പിടിച്ചിരുത്തി മുഖത്ത് വെള്ളം തളിച്ചപ്പോഴാണ് ബോധം വീണ്ടുകിട്ടിയത്.
ഭരണകൂട ഭീകരതയാണിത്. മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ചുള്ള ഉപജാപക സംഘമാണ് ഭരിക്കുന്നത്.
വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്