
തിരുവനന്തപുരം: സിവിൽ സപ്ളൈസ് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ തസ്തിക ജോയിന്റ് സെക്രട്ടറി പദവിക്ക് തത്തുല്യമാക്കി ഡോ. ശ്രീറാം വെങ്കിട്ടരാമന് പൂർണചുമതല നൽകി. 2022 ആഗസ്റ്റിലാണ് ശ്രീറാമിനെ സപ്ളൈകോ ജനറൽ മാനേജരാക്കിയത്.
മുമ്പ് ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചപ്പോൾ മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. തുടർന്നാണ് സപ്ലൈകോയിലേക്കു മാറ്റിയത്. നിയമനത്തെ എതിർത്ത് മന്ത്രി ജി.ആർ. അനിൽ കത്തു നൽകിയെങ്കിലും മന്ത്രിസഭായോഗത്തിൽ അതൃപ്തി അറിയിക്കാൻ മുഖ്യമന്ത്രി അവസരം നൽകിയില്ല. സപ്ലൈകോയിൽ രണ്ടു സി.എം.ഡിമാർക്കു കീഴിൽ ജനറൽ മാനേജരായി തുടർന്ന ശ്രീറാം, ഡോ. സഞ്ജീബ് പട്‌ജോഷി സി.എം.ഡി പദവിയിൽ നിന്ന് മാറിയതോടെ ചുമതലയും ഏറ്റെടുത്തു. പിന്നീട് സി.എം.ഡി സ്ഥാനത്ത് മറ്റൊരെയും സർക്കാർ നിയമിച്ചതുമില്ല. കെ.എം. ബഷീർ കേസിൽ ശ്രീറാമിനെതിരെ നരഹത്യാകുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വിധി വന്നത് ഇതിനു ശേഷമാണ്. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ സൂരജ് ഷാജിയാണ് സപ്ലൈകോയുടെ പുതിയ ജനറൽ മാനേജർ.