കുളത്തൂർ: കഴക്കൂട്ടം മണ്ഡലത്തിലെ സ്കൂളുകളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച ഹെെടെക്ക് ക്ലസ്റൂം പദ്ധതിയിൽ 9.88 കോടി ചെലവിൽ 7 സർക്കാർ സ്കൂളുകളിലായി 92 ക്ലാസ് റൂമുകൾ അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ചു.75 ഇഞ്ച് പ്രൊഫഷണൽ എൽ.ഇ.ഡി മോണിറ്റർ, ഒ.പി.എസ് കമ്പ്യൂട്ടർ, യു.പി.എസ്, എയർ കണ്ടീഷൺ ചെയ്‌ത ക്ലാസ് റൂമുകൾ,മൈക്ക് വിത്ത് ഹെഡ്ഫോൺ, എക്സിക്യൂട്ടീവ് കസേര, ബാഗ് ട്രെ, ടീച്ചേഴ്‌സ് ടേബിൾ,ചെയർ എന്നിവ ഉൾപ്പെടുന്നതാണ് ഓരോ ക്ലാസ് റൂമും. അത്യാധുനിക കോർപ്പറേറ്റ് ഓഫീസ് മാതൃകയിലാണ് എ.സി ക്ലാസ് റൂമുകൾ സജ്ജമാക്കിയിട്ടുള്ളത്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായാണ് ജില്ലയിൽ ആദ്യമായി പദ്ധതി യാഥാർത്ഥ്യമാകുന്നത്.
കരിക്കകം ഗവ. ഹൈസ്‌കൂൾ (80.62 ലക്ഷം),ശ്രീകാര്യം ഗവ. ഹൈസ്‌കൂൾ ( 2.55 കോടി), മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ (1.03 കോടി),കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ (1.49 കോടി),കുളത്തൂർ കോലത്തുകര ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ (1.79 കോടി),കട്ടേല അംബേദ്കർ മെമ്മോറിയൽ റസിഡൻഷ്യൽ സ്‌കൂൾ (99.69ലക്ഷം), കാട്ടായിക്കോണം ഗവ.യു.പി.എസ് (1.22 കോടി) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
12ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,സ്കൂൾ പ്രിൻസിപ്പൽ ഐ.ബിന്ദു,എച്ച്.എം എസ്.ഡി.ഷീജ, പി.ടി.എ പ്രസിഡന്റ് എസ്.എസ്.ശ്യാംജിത്ത്,ആർ.ശ്രീകുമാർ,എസ്.പ്രശാന്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.