rahul

തിരുവനന്തപുരം: പ്രതിഭാഗത്തിന്റെ പ്രധാന വാദങ്ങളെല്ലാം ഖണ്ഡിച്ചാണ് രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യഹർജി കോടതി തള്ളിയത്. സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും നിയമപരമായി പൊലീസ് നോട്ടീസ് നൽകിയില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം ഓരോന്നായി കോടതി തള്ളുകയായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് അഭിനിമോൾ എസ്. രാജേന്ദ്രനാണ് കേസ് പരിഗണിച്ചത്.

സമാധാനപരായി പ്രതിഷേധിച്ച പ്രവർത്തകർക്കിടയിലേക്ക് പൊലീസാണ് അക്രമം അഴിച്ചുവിട്ടതെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ, പട്ടികകഷ്ണങ്ങളുമായാണോ സമാധാനപരമായി പ്രതിഷേധിക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. പൊലീസ് ഉദ്യോഗസ്ഥന്റെ കോളറിൽ കടന്ന് പിടിച്ച് പൊലീസിന്റെ ഷീൽഡ് രാഹുൽ തളളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട് . ഇതിന്റെ ചിത്രങ്ങളും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലംപള്ളി മനു കോടതിയിൽ ഹാജരാക്കി. ഇതോടൊപ്പം പ്രവർത്തകർ പട്ടികകഷ്ണങ്ങളുമായി നിൽക്കുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. ഇത് കണ്ടായിരുന്നു കോടതിയുടെ ചോദ്യം.

പ്രതിഷേധസമയത്ത് പൊലീസ് സ്വാഭാവിക പ്രതിരോധം തീർത്തപ്പോൾ പിരിഞ്ഞുപോയ പ്രവർത്തകരെ മടക്കിവിളിച്ച് രാഹുൽ മനപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്ന പ്രോസിക്യൂഷൻ വാദവും കോടതി കണക്കിലെടുത്തു.

നിയമപരമായി ഹാജരാകാനുള്ള നോട്ടീസ് നൽകാതെ പൊലീസ് വീട്ടിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ കൊണ്ടുവന്നാണ് നോട്ടീസ് ഒപ്പിട്ടുവാങ്ങിയതെന്ന വാദവും പൊളിഞ്ഞു. നിയമപരമായ നോട്ടീസ് അല്ലെങ്കിൽ പിന്നെ എന്തിന് ഒപ്പിട്ടു നൽകിയെന്നായി കോടതി. അക്രമം നടക്കുന്ന സമയം പ്രതിയുടെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനും ഇല്ലെന്ന് തെളിവ് സഹിതം മറുപടി നൽകാനായില്ല. അതേസമയം

അക്രമത്തിൽ പരിക്കേറ്റ രാഹുലിന്റെ തലയുടെ പുറകിൽ രക്തം കട്ടപിടിക്കുന്നതിന്റെ ലക്ഷണങ്ങളായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ മൃദുൽ ജോൺ മാത്യു കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ ഇതിനുള്ള ചികിത്സയിലായിരുന്ന രാഹുൽ രണ്ട് ദിവസത്തിന് മുൻപാണ് ഡിസ്ചാർജ്ജായത്.

പക്ഷാഘാതത്തിന്റെ സാദ്ധ്യത രാഹുലിന് കണ്ടെത്തിയിട്ടുള്ളതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന ആവശ്യവും മുന്നോട്ടു വച്ചു. ഇതിനായി മെഡിക്കൽ രേഖകളും കോടതിയിൽ സമർപ്പിച്ചു. ഇതോടെയാണ് രാഹുലിനെ വീണ്ടും വൈദ്യപരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചത്. ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയിൽ സാരമായ പ്രശ്നങ്ങളില്ലെന്നും സ്വകാര്യ ആശുപത്രി നിർദ്ദേശിച്ച മരുന്നുകൾ തുടർന്നും കഴിച്ചാൽ മതിയെന്നും ഡോക്ടർമാർ റിപ്പോർട്ട് നൽകിയതോടെ ജാമ്യത്തിന്റെ എല്ലാവഴികളും അടഞ്ഞു.