തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റോടെ സംഘർഷഭരിതമായി തലസ്ഥാനം. രാവിലെ രാഹുലിനെ കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ചതു മുതൽ തുടങ്ങിയ നാടകീയ പ്രതിഷേധങ്ങൾ രാത്രി വരെ അരങ്ങേറി. ഇതിനിടെ മൂന്ന് തവണ രാഹുലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

രാവിലെ 10 മണിയോടെ കന്റോൺമെന്റ് സ്‌റ്റേഷനിൽ രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ മുതൽ സ്‌റ്റേഷന് മുമ്പിൽ പ്രവർത്തകർ പ്രതിഷേധം തുടങ്ങിയിരുന്നു. വൈദ്യ പരിശോധനയ്ക്കായി രാഹുലിനെ പുറത്തിറക്കിയപ്പോൾ അവിടെ എത്തിയ പ്രവർത്തകർ പ്രതിഷേധിച്ചു. മാദ്ധ്യമങ്ങളോട് രാഹുൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ല. ബലം പ്രയോഗിച്ച് ജീപ്പിനുള്ളിലേക്ക് കയറ്റാൻ ശ്രമിച്ച പൊലീസുകാരോട് അതുവേണ്ടെന്ന് രാഹുൽ പറഞ്ഞു. അപ്പോഴും പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഇതിനുശേഷം ആദ്യ വൈദ്യ പരിശോധനയ്ക്കായി ഫോർട്ട് ആശുപത്രിയിലേക്കാണ് രാഹുലിനെ കൊണ്ടുപോയത്. അവിടെയും പ്രവർത്തകർ വലിയ പ്രതിഷേധമുണ്ടാക്കി. പരിശോധന പൂർത്തിയാക്കിയ രാഹുലിനെയും വഹിച്ചു കൊണ്ടുള്ള പൊലീസ് ജീപ്പ് തടഞ്ഞ പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. തുടർന്ന് ബലം പ്രയോഗിച്ചുതന്നെ പ്രവർത്തകരെ തള്ളിമാറ്റിയാണ് പൊലീസ് വാഹനം വഞ്ചിയൂർ കോടതിയിൽ എത്തിച്ചത്.

കോൺഗ്രസ് നേതാക്കളായ പി.സി .വിഷ്ണുനാഥ്, അടൂർ പ്രകാശ് എം.പി, കെ.എസ്.ശബരീനാഥൻ, എം.എം. ഹസൻ, ജെബി മേത്തർ എം.പി, ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി തുടങ്ങിയവരും യൂത്ത് കോൺഗ്രസ് നേതാക്കളും കോടതിയിൽ എത്തിയിരുന്നു. തലയിൽ രക്തം കട്ട പിടിക്കുന്ന അസുഖമുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഒരു മണിയോടെ വാദം പൂർത്തിയാക്കിയ കോടതി വീണ്ടും വിശദമായ വൈദ്യ പരിശോധന ആവശ്യപ്പെട്ടു. തുടർന്ന് നാലരയോടെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി. ശബരീനാഥൻ അടക്കമുള്ള നേതാക്കളും രാഹുലിനെ അനുഗമിച്ചിരുന്നു. ഈ വൈദ്യ പരിശോധനാ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതി രാഹുലിനെ റിമാൻഡ് ചെയ്തത്. തുടർന്ന് 6:50 ഓടെ വീണ്ടും വൈദ്യ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ ഹാജരാക്കിയപ്പോൾ പ്രവർത്തകർ വലിയ തോതിൽ പ്രതിഷേധിച്ചു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ രാഹുലും ഇതിൽ അകപ്പെട്ടു. തുടർന്ന് പി.സി. വിഷ്ണുനാഥ് അടക്കമുള്ള നേതാക്കളും പൊലീസും ചേർന്ന് പ്രവർത്തകരെ അനുനയിപ്പിച്ച ശേഷം 7:07ഓടെ രാഹുലിനെ പൂജപ്പുര ജയിലിൽ എത്തിക്കുകയായിരുന്നു.