ko

കോവളം: വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടന്ന റോഡിന് ശാപമോക്ഷം.നഗരസഭയുടെ പുഞ്ചക്കരി വാർഡിൽ വരുന്ന വണ്ടിത്തടം - കരിങ്കടമുകൾ റോഡിനാണ് ശാപമോക്ഷം ലഭിച്ചത്. 18 മീറ്ററോളം വീതിയിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന റോഡിൽ ഓടകളുടെ നിർമ്മാണവും നടക്കുന്നുണ്ട്.ഒരു കോടിയോളം രൂപ മുടക്കി നിർമ്മിക്കുന്ന ഈ റോഡിന് നഗരസഭയുടെ മാതൃകാ റോഡ് എന്ന പ്രത്യേകതയുമുണ്ട്. വണ്ടിത്തടം ജംഗ്ഷൻ,കരിങ്കട മുകൾ,ക്രൈസ്റ്റ് നഗർ,ചിത്രാഞ്‌ജലി ജംഗ്ഷൻ എന്നിവങ്ങളിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.

ദുഷ്കരമായ റോഡിൽ കഴിഞ്ഞ മഴയത്ത് വലിയ ഗർത്തങ്ങളിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഒരു ഹൈസ്കൂൾ ഉൾപ്പെടെ മൂന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ റോഡിലാണുള്ളത്. കഴിഞ്ഞ ആഴ്ച ആരംഭിച്ച മെറ്റൽ വർക്കുകൾ തിങ്കളാഴ്ചയോടെ പൂർത്തിയായി. ഇന്നലെ മുതൽ ടാറിംഗ് ജോലികൾ ആരംഭിച്ചിട്ടുണ്ട്.ഒരാഴ്ച കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് കരാറുകാർ ലക്ഷ്യമിടുന്നതെന്ന് വാർഡ് കൗൺസിലർ ഡി.ശിവൻകുട്ടി പറഞ്ഞു.ജി.എസ് കൺസ്ട്രക്ഷനാണ് നിർമ്മാണച്ചുമതല.