പാലോട്: ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനെ തുടർന്ന് കാമുകിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സുനിലയെ (22) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കാമുകൻ അച്ചുവാണ് (24) പിടിയിലായത്. സുനില വിവാഹിതയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : തിങ്കളാഴ്ച രാവിലെ 9.30ഓടെ ബന്ധുവായ ലല്ലു പ്രിയയ്ക്കൊപ്പം സുനില മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയിരുന്നു. തിരികെ മടങ്ങിയെത്താത്തതിനെ തുടർന്ന് ഭർത്താവ് സിബി വിതുര പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ ഞാറനീലി ഊറന്മൂട് സ്വദേശിയായ അച്ചുവുമായി സുനില പ്രണയത്തിലാണെന്ന് മനസിലായി.മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങിയെത്തിയ സുനില അച്ചുവിനൊപ്പം കല്ലംകുടി ഊറാംമൂട് വനമേഖലയോട് ചേർന്നുള്ള സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിലെത്തി. ഒരുമിച്ച് കഴിയാൻ സാധിക്കില്ലെന്ന് തോന്നിയതോടെ രണ്ടുപേരും മരിക്കാൻ തീരുമാനിച്ചു.
തുടർന്ന് അച്ചു സുനിലയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് പനയമുട്ടത്തുള്ള ബന്ധുവീടിനോട് ചേർന്ന പ്രദേശത്ത് അച്ചു ആത്മഹത്യ ചെയ്യാനെത്തിയെങ്കിലും സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ വിവരം പാലോട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി അച്ചുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം വിതുര പൊലീസിന് കൈമാറിയിട്ടുണ്ട്. കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെ ചോദ്യം ചെയ്താലെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു. സുനിലയ്ക്ക് നാലര വയസുള്ള മകനുണ്ട്.