
കോവളം: ഹെൽമറ്റും ജഴ്സിയുമണിഞ്ഞ് മുതിർന്നവർക്കൊപ്പം സെെക്കിൾ ചവിട്ടി മുൻ നിരയിൽ സഞ്ചരിച്ച അഞ്ച് വയസുകാരൻ കൗതുകമായി. തൃലോക് കൃഷ്ണയെന്ന അഞ്ച് വയസുകാരനാണ് ആകാശവാണി ജീവനക്കാരനായ അച്ഛൻ ഉണ്ണികൃഷ്ണനും മറ്റ് മുതിർന്ന റെെഡേഴ്സിനൊപ്പം നഗരത്തിൽ നിന്ന് 20 കിലോമീറ്ററോളം സെെക്കിൾ ചവിട്ടി കോവളത്തെത്തിയത്. സൈക്കിളോ ട്രിവിയൻ എന്ന ഗ്രൂപ്പിലെ അംഗമാണ് തൃലോക്. ആരോഗ്യ സംരക്ഷണത്തിനൊപ്പം അപകടകരമായ നിലയിൽ വളരുന്ന ലഹരി,മൊബൈൽ അഡിക്ഷൻ എന്നിവയിൽ നിന്ന് യുവാക്കളെയും കുട്ടികളെയും മോചിപ്പിക്കുക, സാമൂഹ്യ പ്രതിബദ്ധതയുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സൈക്കിളോ
ട്രിവിയൻസ് ഗ്രൂപ്പ് പ്രവർത്തിച്ച് വരുന്നതെന്ന് ഗ്രൂപ്പ് ലീഡറായ ഡോ.നിഗൽ പറഞ്ഞു. കൊവിഡിന്റെ അടച്ചിടലിന്റെ ഒറ്റപ്പെട്ട കാലത്ത് സേഫ്റ്റി ഓഫീസറും സുഹൃത്തുമായ അജയ്ക്കൊപ്പമാണ് ഹോമിയോ ഡോക്ടറായ നിഗൽ ആരോഗ്യ സംരക്ഷണത്തിനുള്ള ഉപാധിയായി സെെക്കിൾ റെെഡിനായി സൈക്കിളോ ട്രിവിയൻസ് എന്ന ഗ്രൂപ്പ് രൂപീകരിച്ചത്. തുടക്കത്തിൽ മൂന്ന് പേർ മാത്രമുണ്ടായിരുന്ന ഗ്രൂപ്പിൽ ഇപ്പോൾ അഞ്ച് വയസുകാരനായ തൃലോക് മുതൽ കെൽട്രോണിൽ നിന്ന് റിട്ടയർ ചെയ്ത 65 വയസുകാരൻ രമേഷ് അടക്കമുള്ള 360 അംഗങ്ങളാണുള്ളത്.