
വീട് നാട്ടിൻപുറത്താണ്, ചരിത്രപരമായി ഏറെ സവിശേഷതകളുള്ള നാട്. കേരളത്തിന്റെ ചരിത്രം ചമയ്ക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച മഹത്തുക്കൾ പലരും ജന്മം കൊണ്ടത് എന്റെ നാട്ടിലാണ്- ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത്. അവരുടെ ഒക്കെ പേരുകൾ ഉറക്കെ പറഞ്ഞും അവരുടെ സംഭാവനകളിൽ അഹങ്കരിച്ചുമാണ് ഇക്കാലമത്രയും പോയത്. ആ വലിയ മനുഷ്യർ നടന്ന പാതകളുടെ ഓരം ചേർന്ന് നടക്കാനുള്ള വലിയ ഭാഗ്യവും കിട്ടി. ബാല്യത്തിൽ 60കളുടെ ഒടുക്കവും 70കളുടെ തുടക്കവും, പാട്ടുകേൾക്കലായിരുന്നു പ്രധാന ദൗർബല്യം. എപ്പോഴോ അച്ഛൻ കൊണ്ടുവന്ന ഫിലിപ്സ് കമ്പനിയുടെ ട്രാൻസിസ്റ്ററിൽ പരിമിതമായ സമയങ്ങളിൽ ചലച്ചിത്രഗാനങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നു.കൊച്ചു റേഡിയോയ്ക്ക് മുന്നിൽ ഉറങ്ങാൻ മറന്ന്, കാതുകൂർപ്പിച്ചിരുന്ന ബാലന് അമ്മയുടെ വക, സ്നേഹംപുരണ്ട ശകാരം ഇടയ്ക്കിടെ കിട്ടാറുമുണ്ടായിരുന്നു. ചില വേദികളിൽ പാട്ടുപാടി, സമ്മാനമായി കിട്ടുന്ന അലൂമിനിയത്തിന്റെ പാത്രങ്ങളും ഗ്ളാസുകളുമൊക്കെയായി വീട്ടിലെത്തിയപ്പോഴാണ്, ട്രാൻസിസ്റ്ററിന് മുന്നിലെ ഉറയ്ക്കമിളയ്ക്കൽ പാഴ്വേലയല്ലെന്ന് അമ്മയ്ക്കും ബോദ്ധ്യപ്പെട്ടത്. മത്സരിക്കാൻ പാടിയ പാട്ടുകളിലേറെയും ഗന്ധർവ നാദത്തിൽ പിറന്നതായിരുന്നു.
കമുകറ പുരുഷോത്തമൻ, കെ.പി.ഉദയഭാനു, എ.എം.രാജ, മന്നാഡെ തുടങ്ങിയ പുരുഷ ശബ്ദങ്ങൾക്കൊപ്പം മനസിനെ കീഴടക്കിയത് മറ്റൊരു ശബ്ദമാണ്, കെ.ജെ.യേശുദാസിന്റെ ശബ്ദം. പിന്നൊരാൾ പി.ജയചന്ദ്രനും. കൊച്ചുബുദ്ധിയിൽ അന്ന് തോന്നിയ ഒരു കൗതുകമുണ്ട്, എന്തുകൊണ്ട് ഈ പാട്ടെല്ലാം യേശുദാസ് പാടുന്നുവെന്ന്. കൃത്യമായ ഉത്തരം എത്ര ചികഞ്ഞിട്ടും കിട്ടിയില്ല. പിന്നീട് ബ്രഹ്മാനന്ദൻ, ജോളി എബ്രഹാം, അയിരൂർസദാശിവൻ, ഇടവബഷീർ, കൃഷ്ണചന്ദ്രൻ, കെ.ജി മാർക്കോസ് തുടങ്ങി എത്രയോ ശബ്ദങ്ങൾ വന്നുപോയി. ആർക്കുമായില്ല യേശുദാസ് എന്ന പ്രതാപത്തെ മറികടക്കാൻ. എം.ജി.ശ്രീകുമാറും ഉണ്ണിമേനോനും ജി.വേണുഗോപാലും യേശുദാസിനെ അനുകരിക്കാതെ, തങ്ങളുടേതായ ശൈലിയിൽ ഗാനാലാപനം നടത്തി അവരവരുടേതായ ഇരിപ്പിടങ്ങൾ കണ്ടെത്തിയെങ്കിലും ഗന്ധർവ്വനായി ദാസേട്ടൻ തന്നെ തിളങ്ങി.
ഈ ഉത്തുംഗതയിൽ നിൽക്കാൻ കുറുക്കുവഴികളൊന്നുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്, നിരന്തര പരിശ്രമം, ആത്മാർത്ഥമായ സമർപ്പണം, ചെയ്യുന്ന തൊഴിലിനോടുള്ള പ്രതിബദ്ധത ഇതൊക്കെയാണ് അദ്ദേഹത്തിന്റെ ജൈത്രയാത്രയ്ക്ക് ഉത്തേജനം നൽകിയത്. കാലമേറെകടന്നു, ഗന്ധർവ്വന് മുന്നിൽ ഇരിക്കാനും സ്വകാര്യമായി സംസാരിക്കാനും ഭാഗ്യവശാൽ പല സന്ദർഭങ്ങളുണ്ടായി. ഹൃദയാവർജ്ജകമായി ഗാനാലാപനം നടത്തുന്ന ഈ അത്ഭുതത്തിന് സരസമായി തമാശകൾ പറയാനും മറ്റു പലരെയും അനുകരിച്ച് നമ്മെ അമ്പരിക്കാനുമുള്ള സിദ്ധികൂടിയുണ്ടെന്ന് ബോദ്ധ്യപ്പെട്ട എത്രയോ അവസരങ്ങൾ. പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചും ആദ്ധ്യാത്മിക കേന്ദ്രങ്ങളിൽ വച്ചുമൊക്കെയുള്ള കൂടിക്കാഴ്ചകളിൽ ഏതോ അപ്രാപ്യമായ തേജസിന് മുന്നിൽ ഇരിക്കുന്ന പ്രതീതിയാണ് തോന്നിയിട്ടുള്ളത്. മനസുകൊണ്ട് കെ.ജെ യേശുദാസിന്റെ വ്യക്താവായി മാറിയെന്ന് തിരിച്ചറിഞ്ഞപ്പോൾ, മറ്റൊരു കാര്യം കൂടി മനസിലായി. വ്യക്താവ് ഞാൻ മാത്രമല്ല, വലിയൊരു നിര തന്നെയുണ്ടെന്ന്.
'പാതിരാവായില്ല പൗർണ്ണമി കന്യയ്ക്ക് പതിനേഴോ പതിനെട്ടോ പ്രായം'1968ൽ പ്രിയകവി പി.ഭാസ്‌കരന്റെ വരികൾ, സൗമ്യ സംഗീതത്തിന്റെ നേർരൂപം എം.എസ്.ബാബുരാജ് ചിട്ടപ്പെടുത്തിപ്പോൾ എസ്.ജാനകിക്കൊപ്പം പാട്ടായി ഒഴുകിയെത്തിയത് ഗന്ധർവ്വ നാദത്തിലാണ്. മലയാളിക്ക് ഉണരാനും ഉറങ്ങാനും വേണ്ട സിദ്ധൗഷധം. വിശേഷണങ്ങൾ അനാർഭാടമാവുന്ന ഡോ.കെ.ജെ യേശുദാസിന് 84 വയസ് പൂർത്തിയായെങ്കിലും മലയാളിയുടെ മനസിൽ ആ സംഗീത സൗരഭം വച്ചടി വച്ചടി കത്തിപ്പടരുകയാണ്. ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട് ശതാഭിഷേക നിറവിൽ നിൽക്കുമ്പോഴും ആ നാദത്തിന് മലയാള മനസിൽ പതിനേഴോ പതിനെട്ടോ പ്രായം.
ശബ്ദത്തിന് മേന്മപോരെന്ന് സാങ്കേതിക വിദഗ്ദ്ധന്റെ കല്പിതമുണ്ടായെങ്കിലും ഒരു പൊടിക്കൂമ്പാരത്തിനുമാവില്ലല്ലോ, ആ വജ്രശോഭയെ മറയ്ക്കാൻ.'ശ്രീനാരായണഗുരുദേവനാൽ വിരചിതമായ 'ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്' എന്ന ദർശനസൂക്തം ആലപിച്ച് തുടങ്ങിയ സംഗീത സപര്യയ്ക്ക് ഉണ്ടായില്ല, ഒരിക്കലും ഒരു ശ്രുതിഭംഗം.
1961 നവംബർ 14നാണ് 'കാൽപാടുകൾ' എന്ന സിനിമയ്ക്കായി 21 വയസുകാരനായ യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ റെക്കാർഡ് ചെയ്തത്. അത് ഒരു യാത്രയുടെ തുടക്കമായി, സകലലോക മലയാളികളെയും കൂട്ടിയുള്ളയാത്ര.
മാണിക്യവീണയുമായെൻ മനസിന്റെ താമരപ്പൂവിലുണർന്നവളെ, മഞ്ജുഭാഷിണി മണിയറ വീണയിൽ , ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ, അരയിലൊറ്റ മുണ്ടുടുത്ത പെണ്ണേ തുടങ്ങി ലളിത സുന്ദരമായ ആലാപനത്തിലൂടെ ഗാനാസ്വാദകരുടെ ഹൃദയം കുത്തകപ്പാട്ടത്തിനെടുത്ത ഗായകൻ പ്രമദവനവും ഹരിമുരളീരവവും ഉൾപ്പെടെ ക്ലാസിക്കൽ സംഗീതത്തിന്റെ ദേശാന്തരഗമനം നടത്തുന്നതും കണ്ടു. പ്രേമാതുരനായ കാമുകനാവാനും പ്രണയനഷ്ടത്താൽ വിരഹാർത്തനാവാനും പൊളിയുന്ന നെഞ്ചകത്തിന്റെ നെടുവീർപ്പാവാനും മാതൃവാത്സല്യത്തിന്റെ ജീവാമൃതം ചുരത്താനും സമസ്തജീവജാലങ്ങൾക്കുമുള്ള സൂര്യാംശു പകർത്താനും ആ നാദമാധുരി കാലക്രമത്തിൽ അനിവാര്യമായി. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയുടെ തിങ്കളാഴ്ച നൊയമ്പ് മുടക്കാനെത്തുന്ന കാമുകനാവാൻ മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്, ഗന്ധർവ നാദത്തിന്റെ ഗരിമ വേണമായിരുന്നു. എത്ര നായകന്മാർ വെള്ളിത്തിരയിൽ പരിലസിച്ച്, കാമുകീ ഹൃദയം കവർന്നത് ഈ വശ്യശബ്ദത്താലാണ്.
അസാമീസ്, കാശ്മീരി, കൊങ്കിണി ഒഴികെ എല്ലാ ഇന്ത്യൻ ഭാഷകളിലും അദ്ദേഹം ഗാനാലാപനം നടത്തിയിട്ടുണ്ട്. എട്ടു തവണ മികച്ച ഗായകനുള്ള ദേശീയ അവാർഡും 25 സംസ്ഥാന അവാർഡുമടക്കം അദ്ദേഹം നേടിയ ബഹുമതികൾ അനേകം. മലയാളികൾക്ക് ജന്മസിദ്ധമായി പലവിധ ശീലങ്ങളുണ്ട്, പക്ഷെ എല്ലാ മലയാളികൾക്കും എവിടെപോയാലും മാറ്റാനാവാത്ത ഒറ്റ ശീലമേയുള്ളു, ദാസേട്ടന്റെ പാട്ടുകൾ. തലമുറകൾ പിന്നിട്ട ആ സംഗീത നിർദ്ധരി, ഇനിയും എത്രയോ തലമുറകളിലേക്ക് ഒഴുകാനിരിക്കുന്നു, സ്വരരാഗ ഗംഗാപ്രവാഹമായി.