
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിവാദമാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അജൻഡയും കോൺഗ്രസിലെ ആഭ്യന്തര പ്രശ്നവുമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആരോപിച്ചു. രാഹുലിന്റെ അറസ്റ്റ് സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയമായി സർക്കാരിനെ മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വ്യാജ ഐ.ഡി കാർഡ് വിവാദത്തിൽ കോൺഗ്രസിൽ കടുത്ത അതൃപ്തിയുണ്ട്. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നത്തിൽനിന്ന് ശ്രദ്ധ തിരിക്കാൻ ബോധപൂർവമായി സ്ഥിതിയുണ്ടാക്കുകയാണ്. എവിടെനിന്നെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ട് താരപരിവേഷം സൃഷ്ടിക്കാനുള്ള ശ്രമമാണിത്. അതിനുവേണ്ടി വലിയ ഗൂഢാലോചന നടന്നു.
രാഹുലിനെ വീടുവളഞ്ഞ് അറസ്റ്റുചെയ്തതിനെ റിയാസ് ന്യായീകരിച്ചു. പൊലീസ് സ്വതന്ത്രമായ സംവിധാനമാണ്. ഒരാളെ എങ്ങനെയാണ് പിടിക്കേണ്ടതെന്ന് പൊലീസാണ് നിശ്ചയിക്കുന്നത്. പൊലീസ് അവരുടെ ജോലി നിർവഹിച്ചു. കോടതി അവരുടെ കാര്യങ്ങൾ ചെയ്തു. നിയമവിരുദ്ധമായ പ്രക്ഷോഭങ്ങൾ നടത്തുമ്പോൾ കേസ് വരുന്നത് സ്വാഭാവികമാണ്. ഇതൊരു വലിയ സംഭവമായി ചിത്രീകരിക്കേണ്ടതില്ല. ഇതൊരു പ്രത്യേക സംഭവമല്ല.
യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാരുകളുടെ കാലത്തു തന്നെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടുണ്ട്. നിരവധി പേർക്ക് സമാന അനുഭവമുണ്ടായിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.
ചരിത്രം മറക്കരുതെന്ന് ഡി.വൈ.എഫ്.ഐ
കൊച്ചി: യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവർ ചരിത്രം വിസ്മരിക്കരുതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുവജന പ്രസ്ഥാനങ്ങൾ സമരം ചെയ്യുന്നതും പൊലീസുമായി സംഘർഷമുണ്ടാകുന്നതും അതിന്റെ പേരിലുള്ള അറസ്റ്റും പുതിയ സംഭവമല്ല. യു.ഡി.എഫ് ഭരണകാലത്ത് നിരവധി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളെ സമയം നോക്കാതെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പി.രാജീവിനെ വിവസ്ത്രനാക്കി വലിച്ചിഴച്ച ചരിത്രമുണ്ട്.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിക്കാൻ ശ്രമിക്കുന്നത് ബി.ജെ.പിയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതൃത്വം നൽകിയത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയാണെന്നും സനോജ് ആരോപിച്ചു.