esi

കല്ലമ്പലം: നാവായിക്കുളത്തുകാരുടെ അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമായി ഇ.എസ്.ഐ ആശുപത്രി കെട്ടിടമുയർന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഫിനിഷിംഗ് പോയിന്റിലാണ്. ഈ മാസത്തോടെ നിർമ്മാണം പൂർത്തിയാകുമെങ്കിലും ആശുപത്രിയും ഓഫീസും പ്രവർത്തിക്കാൻ ഫർണിച്ചറുകൾ അടക്കം വിപുലമായ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കേണ്ടതിനാൽ അടുത്ത ഓണത്തോടെ ആശുപത്രി ജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം.

കഴിഞ്ഞ 54 വർഷമായി ഒരു നാട് നിരന്തരം ഉന്നയിച്ച ആവശ്യവും നാട്ടുകാരുടെ സ്വപ്നവും ആണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. കേരള കൗമുദിയിൽ ഇതുമായി ബന്ധപ്പെട്ട് തുടരെ വാർത്തകൾ നൽകിയത് അധികാരികളുടെ കണ്ണുതുറപ്പിച്ചു. പിന്നെയെല്ലാം ശരവേഗത്തിലായിരുന്നു. ചുരുങ്ങിയ മാസങ്ങൾ കൊണ്ടാണ് കെട്ടിട നിർമ്മാണം തന്നെ പൂർത്തിയാക്കിയത്.

 ഡിസ്പെൻസറി ആരംഭിച്ചത്....... 1970ൽ

 ആരംഭിച്ചത്........ നാവായിക്കുളത്ത് വാടക കെട്ടിടത്തിൽ

 വർഷങ്ങളുടെ കാത്തിരിപ്പ്

പരിമിതമായ സൗകര്യങ്ങളിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. കിടത്തി ചികിത്സ ഉൾപ്പെടെ വേണമെന്ന് ആവശ്യമുയർന്നതോടെ ഭൂമി ലഭ്യമാക്കിയാൽ 20 കിടക്കകളോടുകൂടിയ കെട്ടിടം നിർമ്മിക്കാമെന്ന് ഇ.എസ്.ഐ അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് 1985 ൽ നാവായിക്കുളം കാട്ടുപുതുശ്ശേരി റോഡിൽ വെള്ളൂർക്കോണം പള്ളിക്ക് സമീപം രണ്ടേക്കർ ഭൂമി ഏറ്റെടുത്തു. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും കെട്ടിടത്തിനു വേണ്ടിയുള്ള ഇടപെടലുകൾ ഉണ്ടായില്ല.

 ഒടുവിൽ അനുമതി

ആവശ്യം ശക്തമായപ്പോൾ 2012 ൽ കെട്ടിടത്തിന് തറക്കല്ലിട്ടു. എന്നാൽ നടപടികൾ മുന്നോട്ടു പോയില്ല. അടൂർ പ്രകാശ് എം.പി ആശുപത്രി വിഷയം കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയെ നേരിട്ട് ബോദ്ധ്യപ്പെടുത്തുകയും 2020 ഫെബ്രുവരിയിൽ ഇതുസംബന്ധിച്ച സബ്മിഷൻ അവതരിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് സ്ഥലം പരിശോധിക്കുന്നതിന് കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിച്ചത്.

 തടസങ്ങൾ പിന്നാലെ

2021 നവംബർ മാസത്തിൽ കെട്ടിട നിർമ്മാണത്തിന് 5.02 കോടി രൂപ അനുവദിച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല നൽകിയത്. അനുവദിച്ച തുകയുടെ 50 ശതമാനം പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ 10 ശതമാനത്തിൽ കൂടുതൽ തുക അനുവദിക്കാൻ ആകില്ലെന്ന് ഇ.എസ്.ഐ വകുപ്പ് നിലപാടെടുത്തു. ഇതോടെ നിർമ്മാണ പ്രവർത്തനം വീണ്ടും അനിശ്ചിതത്വത്തിലായി. കേന്ദ്രമന്ത്രിയെയും ഇ.എസ്.ഐ വകുപ്പ് ഡയറക്ടറേയും എം.പി നേരിൽ കണ്ട് നടത്തിയ ചർച്ചകളെ തുടർന്ന് 40 ശതമാനം തുക ആദ്യ ഗഡുവായി അനുവദിച്ചു.

 നിർമ്മാണം അവസാന ഘട്ടത്തിൽ

ആശുപത്രിയിലേക്കുള്ള വഴിയൊരുക്കൽ, മുൻവശത്തെ ഭൂമിയുടെ സൗന്ദര്യവത്ക്കരണം എന്നീ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മുൻവശത്തെ മതിൽ നിർമ്മാണം, ഗേറ്റ് സ്ഥാപിക്കൽ, പെയിന്റിംഗ് എന്നീ ജോലികൾ കൂടി പൂർത്തിയാകുന്നതോടെ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാകും.

പ്രതികരണം

നാവായിക്കുളത്ത് ആശുപത്രി പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാനായി. അതിൽ സന്തോഷമുണ്ട്. ഇ.എസ്.ഐ ആശുപത്രിക്ക് കെട്ടിടം നിർമ്മിക്കുന്നതിനു വേണ്ടി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രാലയത്തിനും ഇ.എസ്.ഐ കോർപ്പറേഷനിലും പലതവണ ഇടപെടേണ്ടി വന്നു. സമയബന്ധിതമായ ഇടപെടലിലൂടെ തടസങ്ങൾ തരണം ചെയ്താണ് കരാർ നടപടികളിലേക്കെത്തിയത്.

അടൂർപ്രകാശ് എം. പി