
ഞായറാഴ്ച ഒഴികെ വർഷത്തിൽ മറ്റെല്ലാ ദിവസങ്ങളിലും ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുമ്പിൽ പ്രതിഷേധ സമരങ്ങൾ പതിവാണ്. ചിലപ്പോഴെല്ലാം അവ വലിയ സംഘർഷത്തിൽ കലാശിക്കാറുമുണ്ട്. പൊലീസിന്റെ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തോടെയാകും അത് ആരംഭിക്കുന്നത്. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബലപ്രയോഗം നടത്തുന്നതും വെള്ളം ചീറ്റിച്ച് ഓടിക്കുന്നതും അതുകൊണ്ടും പോരാതെ വരുമ്പോൾ ടിയർഗ്യാസും ലാത്തിയും പ്രയോഗിക്കുന്നതും സാധാരണ കാഴ്ച തന്നെ. പ്രതിഷേധക്കാർക്കും അവരെ നേരിടുന്ന പൊലീസുകാർക്കും പരിക്കേൽക്കുന്നതും അപൂർവമല്ല. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമായി ഇതിനെ കണ്ടാൽ മതി. എന്നാൽ ഇക്കഴിഞ്ഞ ഡിസംബർ 20ന് സെക്രട്ടേറിയറ്റ് നടയിൽ നടന്ന യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഇക്കഴിഞ്ഞ ദിവസം അടൂരിലെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെത്തിച്ച് ജയിലിലാക്കിയ സംഭവത്തെ പ്രതികാര നടപടിയായേ കാണാനാവൂ. യൂത്ത് കോൺഗ്രസ് നേതാവിനെ ജയിലിലാക്കണമെന്ന മനഃപൂർവ ഉദ്ദേശ്യത്തോടെയാണ് ഇതിനായുള്ള കരുക്കൾ നീക്കിയതെന്ന് വ്യക്തമാണ്. ആരുടെ നിർദ്ദേശപ്രകാരമാണെങ്കിലും തികച്ചും പരിഹാസ്യമായ നടപടിയായിപ്പോയി അത്. പ്രകോപനം സൃഷ്ടിക്കാനുള്ള ദുരുദ്ദേശ്യമാണു ഇതിനു പിന്നിലുള്ളതെന്ന് വ്യക്തമാണ്. അറസ്റ്റ് സൃഷ്ടിച്ച പ്രതിഷേധ മുറകൾ അക്കാര്യം വിളിച്ചുപറയുന്നുമുണ്ട്.
യൂത്ത് കോൺഗ്രസിന്റെയെന്നല്ല സംസ്ഥാനത്തെ സകല രാഷ്ട്രീയ പാർട്ടികളും എണ്ണമറ്റ സംഘടനകളും തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ ശ്രദ്ധയിൽപ്പെടുത്താനായി നേരെ വണ്ടികയറി എത്തുന്നത് ഭരണസിരാകേന്ദ്രത്തിന്റെ കവാടങ്ങളിലേക്കാണ്. ഇതിൽ പ്രതിപക്ഷമെന്നോ ഭരണകക്ഷികളെന്നോ വ്യത്യാസമൊന്നുമില്ല. നവകേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിർദ്ദയം അടിച്ചൊതുക്കിയ നടപടിയിൽ പ്രതിഷേധിക്കാനാണ് ഡിസംബർ 20-ന് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മാർച്ച് നടന്നത്. പതിവിൽ കവിഞ്ഞ തോതിൽ സംഘർഷമൊന്നും അന്നു നടന്നില്ലെന്നതാണ് സത്യം. ടെലിവിഷൻ ലൈവിലൂടെ മുഴുവൻ ജനങ്ങളും അതൊക്കെ കണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ നാലാം പ്രതി മാത്രമാണ്. ഒന്നാം പ്രതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. രണ്ടും മൂന്നും പ്രതികൾ എം.എൽ.എമാരായ ഷാഫി പറമ്പിലും എം. വിൻസന്റുമാണ്. പത്തുവർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയക്കാർ ഉൾപ്പെട്ട ഇതുപോലുള്ള കേസുകളുടെ പരിണതി എന്താണെന്ന് എല്ലാവർക്കും അറിയാം. നിയമസഭയിൽ വർഷങ്ങൾക്കുമുമ്പ് അന്നത്തെ പ്രതിപക്ഷ നിരയിലുള്ളവർ കാട്ടിക്കൂട്ടിയ പേക്കൂത്തുമായി ബന്ധപ്പെട്ട കേസ് ആരും മറന്നിട്ടില്ല. ഇതൊക്കെ വച്ചു നോക്കുമ്പോൾ പരപരാ വെളുക്കുംമുമ്പ് കിടക്കപ്പായിൽനിന്നു വിളിച്ചുണർത്തി രാഹുലിനെ പിടികിട്ടാപ്പുള്ളിയെന്നപോലെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതിനു പിന്നിലെ അധികാരഗർവ് ആർക്കും മനസ്സിലാകും.
പ്രതിഷേധ സമരങ്ങൾ ഇവിടെ പുത്തരിയൊന്നുമല്ല. അറസ്റ്റും ജയിൽവാസവും ഒട്ടേറെ കണ്ട നാടാണിത്. ചെറിയ സംഭവങ്ങൾ പർവതീകരിച്ചുകണ്ട് അതിനു പിറകെ പോയി സമൂഹത്തിന്റെ സ്വൈരം കെടുത്താമെന്നല്ലാതെ മറ്റൊരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. ജീവിക്കാൻ വേണ്ടി സാധാരണക്കാർ നെട്ടോട്ടം ഓടുമ്പോൾ മൈലേജ് വർദ്ധിപ്പിക്കാനായി രാഷ്ട്രീയകക്ഷികൾ ദിവസേന തെരുവിലിറങ്ങുന്നത് എത്രമാത്രം അഭികാമ്യമാണെന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.