riyas

തിരുവനന്തപുരം: സംസ്ഥാനത്ത് സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കാൻ അന്താരാഷ്ട്ര ഫെസ്റ്റിവലുമായി ടൂറിസം വകുപ്പ്. പാരാഗ്ലൈഡിംഗ്, സർഫിംഗ്, മൗണ്ടൻ ബൈക്കിംഗ്, മലബാർ റിവർ ഫെസ്റ്റിവൽ എന്നിവയാണ് അന്താരാഷ്ട്ര ഫെസ്റ്റിവലിൽ നടത്തുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മാർച്ച് 14, 15, 16, 17 തീയതികളിൽ വാഗമണ്ണിലാണ് പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ. യു.എസ്, യു.കെ, ഫ്രാൻസ്, ജർമ്മനി, ഒാസ്ട്രേലിയ തുടങ്ങി 15ലധികം വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. മാർച്ച് 29, 30, 31 തീയതികളിൽ വർക്കലയിലാണ് സർഫിംഗ് ചാമ്പ്യൻഷിപ്പ്. വർക്കലയെ രാജ്യാന്തര സർഫിംഗ് കേന്ദ്രമാക്കി മാറ്റാനാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമാക്കുന്നത്.

ഏപ്രിൽ 26, 27, 28 തീയതികളിൽ വയനാട് മാനന്തവാടിയിലെ പ്രിയദർശിനി ടീ പ്ലാന്റേഷനിലാണ് മൗണ്ടൻ ബൈക്കിംഗ് ചാമ്പ്യൻഷിപ്പ്. 25 വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.

ജൂലായ് 25,​ 26,​ 27,​ 28 തീയതികളിൽ കോഴിക്കോട് കോടഞ്ചേരിയിലുള്ള ചാലിപ്പുഴ,​ ഇരുവഴിഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് മലബാർ റിവർ ഫെസ്റ്റിവൽ. കയാക്ക് സ്ലാലോം,​ ബോട്ടർ ക്രോസ്,​ ഡൗൺ റിവർ എന്നീ വിഭാഗങ്ങളിലാണ് മത്സരം.

ടൂറിസം വകുപ്പിന് കീഴിലെ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾ, പാരാഗ്ലൈഡിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യ, സർഫിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ, സൈക്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ, ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷൻ എന്നിവ സംയുക്തമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.